മാവേലിക്കര> ഓൺലൈൻ പഠനസൗകര്യമില്ലാത്ത വിദ്യാർഥികൾക്ക് എം എസ് അരുൺകുമാർ എംഎൽഎ നൽകിയ മൊബൈൽ ഫോൺ മോഷണം പോയ സംഭവത്തിൽ പള്ളിപ്പാട് സ്വദേശിയായ പതിനേഴുകാരൻ പിടിയിൽ. പ്ലസ് വൺ വിദ്യാർഥിയായ ഇയാളെ ഞായറാഴ്ച രാവിലെ അമ്മ പൊലീസ് സ്റ്റേഷനിൽ ഹാജരാക്കുകയായിരുന്നു. ജൂവനൈൽ കേസ് രജിസ്റ്റർ ചെയ്ത ശേഷം രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു.
2018ൽ മാവേലിക്കര ഹെഡ്പോസ്റ്റോഫീസിന് മുന്നിലിരുന്ന സ്കൂട്ടറിൽ നിന്ന് 60,000 രൂപയും പുഷ്പജങ്ഷനിൽ പാർക്ക് ചെയ്ത സ്കൂട്ടറിൽ നിന്ന് 40,000 രൂപയും കവർന്ന സംഭവത്തിലും ഇയാൾ ജൂവനൈൽ ഹോമിൽ കഴിഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച മോഷണം നടത്താനായി ഉപയോഗിച്ച ബൈക്ക് ഒപ്പമുണ്ടായിരുന്ന യുവാവിന്റേതാണ്.
അമ്മയുടെ കറ്റാനത്തെ വീട്ടിലേക്ക് പോകാമെന്ന് പറഞ്ഞാണ് യുവാവിനെയും കൂട്ടി ഇയാൾ മാവേലിക്കരയിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. യുവാവിനെ തഴക്കര മാർത്തോമാ പള്ളിക്കു മുന്നിൽ ഇറക്കി പള്ളിയുടെ പടിഞ്ഞാറു ഭാഗത്തെ റോഡുവഴി ജില്ലാ ആശുപത്രിക്കു മുന്നിലൂടെയാണ് കടയിലെത്തിയത്. മൊബൈൽ എടുത്തശേഷം തിരികെവന്ന് യുവാവിനെയും ബൈക്കിൽ കയറ്റി പോയി. മോഷണ വിവരം യുവാവ് അറിഞ്ഞിരുന്നില്ല. പണം കവരാൻ കടയിൽ കയറിയപ്പോളാണ് മൊബൈൽ ഫോൺ കിട്ടിയതെന്നും ഇത് വിൽക്കാനായിരുന്നു പ്രതിയുടെ പദ്ധതിയെന്നും പൊലീസ് പറഞ്ഞു.
പഠനം തുടരാം; ഫോൺ തിരികെ കിട്ടി
ശനിയാഴ്ച പകൽ 12.30 നാണ് ജില്ലാ ആശുപത്രി ജങ്ഷന് സമീപം ചായക്കട നടത്തുന്ന കൊച്ചുവീട്ടിൽ വർഗീസിന്റെ കടയിൽനിന്ന് മൊബൈൽ മോഷ്ടിച്ചത്. വർഗീസിന്റെ ഒമ്പതിലും നാലിലും പഠിക്കുന്ന കുഞ്ഞുങ്ങൾക്ക് ഓൺലൈൻ പഠനത്തിന് എം എസ് അരുൺകുമാർ എംഎൽഎ ഒരാഴ്ച മുമ്പാണ് ഫോൺ നൽകിയത്.
48 കാരനായ വർഗീസ് കാലുകൾക്ക് സ്വാധീനമില്ലാത്തയാളാണ്. സിഐ സി ശ്രീജിത്ത് വർഗീസിന്റെ വീട്ടിലെത്തി മൊബൈൽ ഫോൺ കുട്ടികളെ ഏൽപ്പിച്ചു. സിപിഒമാരായ ഗിരീഷ് ലാൽ, അൽഅമീൻ, സുധീഷ് എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി.