തിരുവനന്തപുരം
കേരളം മികച്ച വ്യവസായ–-നിക്ഷേപ സൗഹൃദ അന്തരീക്ഷ സംസ്ഥാനമെന്ന് കേന്ദ്രസർക്കാരിന്റേതുൾപ്പെടെ വിവിധ ഏജൻസികൾ. നിതി ആയോഗ് റിപ്പോർട്ടും (എസ്ഡിജി) വിവിധ വ്യവസായികളും ഇക്കാര്യം വ്യക്തമാക്കുന്നു.
വ്യവസായ അനുകൂല സാഹചര്യമുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ കർണാടകത്തിന് (39.75) തൊട്ട് താഴെ കേരളം (37.12) എത്തി. ഗോവ (36.90) യേക്കാൾ പിന്നിലാണ് ഗുജറാത്തും (26.87) രാജസ്ഥാനും (17.2). കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയും (സിഐഐ) കേരളത്തിന്റെ വ്യവസായ അനുകൂല സാഹചര്യത്തെക്കുറിച്ച് പല പ്രാവശ്യം വ്യക്തമാക്കി. അതിനിടെയാണ് കേരളത്തിലെ നിക്ഷേപാന്തരീക്ഷത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്താൻ സമൂഹ മാധ്യമങ്ങളിലടക്കം നുണപ്രചാരണം.
സംസ്ഥാന സർക്കാർ
പിന്തുണയ്ക്കുന്നു:
ഗോയങ്ക
തങ്ങളാണ് കേരളത്തിലെ വലിയ തൊഴിൽദാതാവെന്നും സംസ്ഥാന സർക്കാർ എല്ലാവിധ പിന്തുണയും സഹായവും നൽകുന്നുണ്ടെന്നും ആർപിജി ഗ്രൂപ്പ് ചെയർമാൻ ഹർഷ് ഗോയങ്ക. കഴിഞ്ഞ ദിവസം ട്വിറ്ററിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
നല്ല നിലയിൽ തുടരും:
മുഖ്യമന്ത്രി
ഇന്ത്യയിലെ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്നും ഇത് നല്ല നിലയിൽ തുടരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. കേരളത്തിന്റെ നിക്ഷേപ സൗഹൃദാന്തരീക്ഷത്തെക്കുറിച്ച് നല്ലവാക്കുകൾ പറഞ്ഞ ആർപിജി ഗ്രൂപ്പ് ചെയർമാൻ ഹർഷ് ഗോയങ്കയ്ക്ക് നന്ദി. സ്ഥായിയായതും നൂതനവുമായ വ്യവസായങ്ങൾ അഭിവൃദ്ധിപ്പെടുമെന്ന് സർക്കാർ ഉറപ്പു നൽകുന്നതായും മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.
ഒരു നിക്ഷേപവും
പുറത്തുപോകരുത്:
എം എ യൂസഫലി
കേരളത്തിൽനിന്ന് 3500 കോടിയെന്നല്ല നൂറുരൂപയുടെ നിക്ഷേപംപോലും പുറത്തുപോകരുതെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. ഭാവിതലമുറയ്ക്ക് ജോലികൊടുക്കേണ്ട ചുമതലയും ബാധ്യതയും സർക്കാരിനൊപ്പം സ്വകാര്യമേഖലയ്ക്കുമുണ്ട്. തർക്കമുണ്ടെങ്കിൽ ഇടപെട്ട് പരിഹരിക്കണം.
ആക്ഷേപിക്കരുത്:
ഷിബു ബേബിജോൺ
കേരളം വ്യവസായികളുടെ ശവപ്പറമ്പാണെന്നും ഇവിടെ ബിസിനസ് ചെയ്യാൻ അധികാരികൾ അനുവദിക്കുന്നില്ലെന്നുമൊക്കെയുളള പ്രതികരണങ്ങൾ ശരിയായ പ്രവണതയല്ലെന്ന് ഷിബു ബേബിജോൺ പറഞ്ഞു. ഒരു നാട്ടിൽ വ്യവസായം ആരംഭിച്ച് അവിടത്തെ സ്രോതസുകളെല്ലാം ഉപയോഗിച്ച് വളർന്ന് വൻമരം ആയശേഷം ആ മണ്ണിനെയാകെ അടച്ചാക്ഷേപിക്കരുത്. ഷിബു ഫെയ്സ്ബുക്കിൽ കുറിച്ചു.