തൃശൂർ
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനിൽ എത്തിനിൽക്കുന്ന കുഴൽപ്പണക്കേസിൽ ഇതുവരെ ചോദ്യം ചെയ്തത് 15 നേതാക്കളെ. ചൊവ്വാഴ്ച ചോദ്യംചെയ്യലിന് ഹാജരാകാനാണ് സുരേന്ദ്രന് നോട്ടീസ്. നിയമസഭാ തെരഞ്ഞെടുപ്പിൽ ധർമരാജൻ വഴിയാണ് സംസ്ഥാനത്താകെ ബിജെപി നേതാക്കൾക്ക് കുഴൽപ്പണം എത്തിച്ചതെന്നാണ് പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ട്. യുവമോർച്ച മുൻ സംസ്ഥാന സെക്രട്ടറി സുനിൽ നായിക് ആണ് പണം കൈമാറിയതെന്ന് ധർമരാജൻ ആദ്യം മൊഴി നൽകി. ഇരുവരെയും ചോദ്യം ചെയ്തത് കേസിൽ വഴിത്തിരിവായി.
കള്ളപ്പണം കവർന്നയുടൻ ധർമരാജനെയും പ്രതി റഷീദിനെയും ബിജെപി ജില്ലാകമ്മിറ്റി ഓഫീസിലെത്തിച്ച മധ്യമേഖലാ സെക്രട്ടറി കാശിനാഥൻ, ജില്ലാ ട്രഷറർ സുജയ്സേനൻ, ജനറൽ സെക്രട്ടറി കെ ആർ ഹരി, പണം കടത്താൻ നിർദേശിച്ച സംഘടനാ സെക്രട്ടറി എം ഗണേശൻ, സംസ്ഥാന ഓഫീസ് സെക്രട്ടറി ജി ഗിരീഷ് എന്നിവരെ ചോദ്യം ചെയ്തതോടെ അന്വേഷണം ആലപ്പുഴ ജില്ലാ ട്രഷറർ കെ ജി കർത്തയിലെത്തി. കർത്തയ്ക്കെത്തിക്കാനുള്ള പണമാണ് കവർന്നത്. നേതൃത്വം പറഞ്ഞാണ് കുഴൽപ്പണസംഘത്തിന് മുറിയൊരുക്കിയതെന്ന് തൃശൂർ ജില്ലാ ഓഫീസ് സെക്രട്ടറി സതീശനും മൊഴി നൽകി.
ആലപ്പുഴ മേഖലാ സെക്രട്ടറി എൽ പത്മകുമാർ, തൃശൂർ ജില്ലാ പ്രസിഡന്റ് കെ കെ അനീഷ്കുമാർ, സുരേന്ദ്രന്റെ സെക്രട്ടറി ദിപിൻ, ഡ്രൈവർ ലെബീഷ് ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി കൃപേഷ്, ജില്ലാ ജനറൽ സെക്രട്ടറി ഉല്ലാസ് ബാബു എന്നിവരെയും ചോദ്യം ചെയ്തു. പണം കടത്തിയ ധർമരാജന്റെ ഫോൺവിളികൾ പരിശോധിച്ചതോടെയാണ് അന്വേഷണം കെ സുരേന്ദ്രനിലേക്കെത്തിയത്. കേസിൽ 22 പ്രതികളെ അറസ്റ്റ് ചെയ്തു. ഒന്നരക്കോടിയോളം രൂപയും കണ്ടെടുത്തു.