അവർ വരയ്ക്കുകയാണ്, വീടിനും നാടിനും
ബി.എഡ്. വിദ്യാർഥിനിയായ നെജ പ്രിൻസയും പ്ലസ്ടു വിദ്യാർഥിനിയായ സെഫാനിയയും വരയ്ക്കുകയാണ്. നാടിനും വീടിനുമായി. ലോക്ഡൗൺ കാലത്ത് സജീവമാക്കിയ ബോട്ടിൽ ആർട്ട് പെയ്ന്റിങ്ങിലൂടെയാണ് അടുത്ത ബന്ധുക്കളായ ഇരുവരും പഠനച്ചെലവ് കണ്ടെത്തുന്നതും ദുരിതത്തിലായവരെ സഹായിക്കുകയും ചെയ്യുന്നത്. ബോട്ടിൽ ആർട്ട് ചെയ്തുകിട്ടിയതിൽ ഒരുവിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുന്നതിനുള്ള ഒരുക്കത്തിലുമാണവർ.
കുമാരപുരം കോളേജിലെ ബി.എഡ്. വിദ്യാർഥിനിയാണ് വലിയവേളി തൈവിളാകം നെപ്പോളിയൻ ഫ്രാൻസിസിന്റെയും ലാലിയുടെയും മകളായ നെജ പ്രിൻസ. കൊല്ലം കരിക്കോട് ലില്ലി കോട്ടേജിൽ ജോയ്മോന്റെയും ബീനയുടെയും മകളാണ് ടി.കെ.എം. ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിനിയായ സെഫാനിയ. നെജയുടെ അമ്മ ലാലിയും സെഫാനിയയുടെ അമ്മ ബീനയും സഹോദരിമാരാണ്. ലോക്ഡൗൺ കാലത്ത് വലിയവേളിയിലെ നെജയുടെ വീട്ടിൽ യുടൂബ് നോക്കിയാണ് ഇരുവരും ബോട്ടിൽ ആർട്ട് വലിയ രീതിയിൽ ചെയ്യാനാരംഭിച്ചത്. ചിത്രം വരയ്ക്കാൻ അറിയാമെന്നതും ഗുണകരമായി. ട്യൂഷൻ എടുത്തായിരുന്നു നെജ പഠനച്ചെലവ് കണ്ടെത്തിയിരുന്നത്. ലോക്ഡൗൺ കാലത്ത് അത് നിലച്ചതോടെ ബോട്ടിൽ ആർട്ടിലൂടെ വരുമാനം കണ്ടെത്തി. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമാണ് ഇവ ആവശ്യാനുസരണം നൽകുന്നത്. ബോട്ടിൽ ആർട്ടിലൂടെ ലഭിച്ച പണം കൊണ്ട് ലോക്ഡൗൺ കാലത്ത് മൂന്നുവീട്ടുകാരെ സഹായിക്കാനായതായി സെഫാനിയയും പറയുന്നു.
വീടുകളുടെ ഭിത്തിയിലും ഇപ്പോൾ വരയ്ക്കാൻ ആളുകൾ വിളിക്കാറുണ്ടെന്നും സെഫാനിയ പറയുന്നു. ജന്മദിനത്തിന് സമ്മാനം നൽകുവാനും മറ്റും ആളുകൾ ബോട്ടിൽ ആർട്ട് വാങ്ങാറുണ്ട്. പഠനത്തിരക്കിനിടയിലും കൂടുതൽ ആർട്ടുവർക്കുകൾ ചെയ്ത് പണം കണ്ടെത്തി മറ്റുള്ളവരെ ഇനിയും സഹായിക്കുമെന്നും നെജയും സെഫാനിയും പറയുന്നു.
കോവിഡ് വൊളന്റിയർ @ ഒരു വർഷം
വിഷ്ണു പ്രകാശ്
രാജ്യം വലിയൊരു പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ നമ്മളാൽ കഴിയുന്ന ഒരു കാര്യം ചെയ്യുക. വേതനം ലഭിക്കുന്നതിലപ്പുറം അത് സമൂഹത്തിന് എത്രത്തോളം ഉപകാരപ്പെടും എന്ന് ചിന്തിക്കുന്നതിലാണ് സന്തോഷം. അതുതന്നെയാണ് ഏറ്റവും വലിയ അനുഭവവും… ഒരു വർഷമായി കോവിഡ് വൊളന്റിയറായ പെരുകാവ് സ്വദേശി വിഷ്ണുപ്രകാശിന്റേതാണീ വാക്കുകൾ. പട്ടം എസ്.യു.ടി.യിൽ നഴ്സിങ് വിദ്യാർഥിയായ വിഷ്ണു ആദ്യ പ്രളയം മുതൽ സന്നദ്ധ പ്രവർത്തനത്തിൽ സജീവമായി പങ്കെടുക്കുന്നു.
ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ടാക്സ് ഫോഴ്സിലും അംഗം. കഴിഞ്ഞവർഷം ജൂലായ് മുതൽ ജില്ലാ ആരോഗ്യ വകുപ്പ് ഓഫീസുമായി ബന്ധപ്പെട്ടാണ് സന്നദ്ധപ്രവർത്തനം. ഇതുവരെയായി ഏഴ് സി.എഫ്.എൽ.ടി.സി.കളിലും ജനറൽ ആശുപത്രിയിലും പ്രതിഫലേച്ഛയില്ലാതെ സേവനം ചെയ്തു. അനിയത്തിയുടെ വിവാഹനിശ്ചയ സമയത്ത് രണ്ട് ദിവസം അവധിയെടുത്തത് ഒഴിച്ചാൽ അവധിയെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും വിഷ്ണു പറയുന്നു. ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നടന്ന മെഗാ വാക്സിനേഷൻ കാമ്പിലും പങ്കെടുത്തു.
ഇപ്പോൾ വെങ്ങാനൂർ സി.എഫ്.എൽ.ടി.സി.യിലാണ് വൊളന്റിയറായുള്ളത്. പെരുകാവ് വൃന്ദാവൻ പൊറ്റയിൽ ശിവപ്രകാശിന്റെയും ബി.സതിയുടെയും മകനാണ് 23-കാരനായ ഈ യുവാവ്. തിങ്കളാഴ്ച മുതൽ നഴ്സിങ് ക്ലാസ് തുടങ്ങും. വൈകുന്നേരം വീണ്ടും സി.എഫ്.എൽ.ടി.സി.യിൽ സന്നദ്ധപ്രവർത്തകനായി എത്തുമെന്നും വിഷ്ണു പറയുമ്പോൾ ഉറപ്പിക്കാം…നമ്മൾ മുന്നോട്ടുതന്നെയൊഴുകും.
Content Highlights:Covid Heros, Covid Volunteer, Good News