UEFA EURO 2020: യുവേഫ യൂറോയില്‍ ഉക്രൈനെ അനായാസം കീഴടക്കി ഇംഗ്ലണ്ട് സെമി ഫൈനലില്‍. എതിരില്ലാത്ത നാല് ഗോളിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. ഹാരി കെയിന്‍ രണ്ട് തവണ ലക്ഷ്യം കണ്ടു. ഹാരി മഗ്വയറും, ജോര്‍ദാന്‍ ഹെന്‍ഡേഴ്സണുമാണ് മറ്റ് സ്കോറര്‍മാര്‍.
ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ ഫോമിലല്ലായിരുന്ന ഹാരി കെയിന്‍ താളം കണ്ടെത്തി. നാലാം മിനുറ്റില്‍ തന്നെ ആദ്യ ഗോള്‍. റഹീം സ്റ്റെര്‍ലിങ്ങിന്റെ മുന്നേറ്റമാണ് ഗോളില്‍ അവസാനിച്ചത്. ഹാരി കെയിനിന്റെ പെര്‍ഫക്ട് ഫിനിഷില്‍ ഇംഗ്ലണ്ട് മുന്നിലെത്തി.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഹാരി മഗ്വയര്‍ ലീഡുയര്‍ത്തി. ഷായുടെ ഫ്രീക്കിക്കില്‍ തല വച്ച മഗ്വയറിന് പിഴച്ചില്ല. പന്ത് വലയുടെ ഇടത് മൂലയില്‍ പതിച്ചു. നാല് മിനുറ്റുകള്‍ക്ക് ശേഷം ഹാരി കെയിന്‍ തന്റെ രണ്ടാം ഗോള്‍ നേടി. ഇത്തവണയും ഷാ തന്നെയാണ് ഗോളിന് പിന്നില്‍.
63-ാം മിനുറ്റില്‍ ഉക്രൈന്റെ തോല്‍വിക്ക് അടിവരയിട്ട് ജോര്‍ദാന്‍ ഹെന്‍ഡേഴ്സണ്‍. മാസന്‍ മൗണ്ടിന്റെ ക്രോസില്‍ ഹെന്‍ഡേഴ്സണ്‍ന്റെ ഹൈഡര്‍. സ്കോര്‍ 4-0. ടൂര്‍ണമെന്റില്‍ ഇതുവരെ ഗോള്‍ വഴങ്ങാത്ത ഇംഗ്ലണ്ടിന് ഒരു ഘട്ടത്തിലും വെല്ലുവിളി ഉയര്‍ത്താന്‍ ഉക്രൈനായില്ല.
സെമി ഫൈനലില്‍ ഡെന്മാര്‍ക്കാണ് ഇംഗ്ലണ്ടിന്റെ എതിരാളികള്‍.
The post UEFA EURO 2020: ഉക്രൈനെ ‘തല’കൊണ്ട് മറികടന്ന് ഇംഗ്ലണ്ട് appeared first on Indian Express Malayalam.