തിരുവല്ല: മദ്യം സ്ഥിരിമായി കഴിക്കുന്നവരുടെ പ്രിയപ്പെട്ട ബ്രാൻഡുകളിലൊന്നാണ് ജവാൻ. സംസ്ഥാന സർക്കാർ നേരിട്ട് നിർമിക്കുന്ന ഏക മദ്യ ബ്രാൻഡും ജവാൻ റം ആണ്. എന്നാൽ കഴിഞ്ഞ കുറേ നാളുകളായി ജവാന് വേണ്ടത്ര ലഹരിയില്ലെന്ന പരാതി പല കോണുകളിൽ നിന്നും ഉയർന്നിരുന്നു. മദ്യനിർമാണത്തിനായി കൊണ്ടു വന്ന സ്പിരിറ്റ് ചോർത്തി മറിച്ചുവിറ്റ കേസിൽ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിലാണ് ജവാന് വീര്യമില്ലെന്ന് വാർത്തകൾ പ്രസക്തമാകുന്നത്.
പത്തനംതിട്ട ജില്ലയിലിലെ തിരുവല്ലയിലെ പുളിക്കീഴിലുള്ള ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിലാണ് ജവാൻ നിർമിക്കുന്നത്. 1978ൽ സ്ഥാപനം പൂർണമായും സർക്കാർ നിയന്ത്രണത്തിൽ വന്നു. കരിമ്പിന്റെ ലഭ്യത കുറഞ്ഞതോടെ പഞ്ചസാര ഉത്പാദനം നിർത്തിയ സ്ഥാപനം പിന്നീട് സ്പിരിറ്റ് ഉൽപാദനത്തിലേക്ക് കടന്നു. ഒടുവിൽ മദ്യത്തിന്റെ നേരിട്ടുള്ള ഉൽപാദനമായി. പ്രതിദിന കണക്കുകൾ പരിശോധിച്ചാൽ 54,000 ലിറ്റർ വരെയാണ് ഇവിടെനിന്നുള്ള മദ്യ ഉൽപ്പാദനം.
മദ്യനിർമാണത്തിനായി മധ്യപ്രദേശിൽ നിന്ന് കൊണ്ടു വന്ന സ്പിരിറ്റ് കേരള അതിർത്തി എത്തും മുമ്പ് ചോർത്തി വിറ്റുവെന്ന് അന്വേഷണത്തിൽ തെളിഞ്ഞ സാഹചര്യത്തിൽ ഏഴ് പേരെ പ്രതിയാക്കി പോലീസ് കേസെടുത്തിരുന്നു. ഇതിൽ മൂന്ന് പേർ അറസ്റ്റിലായിരുന്നു. എന്നാൽ ജനറൽ മാനേജൻ അടക്കം നാല് പേർ ഒളിവിൽപ്പോയ സാഹചര്യത്തിൽ സ്ഥാപനത്തിന്റെ പ്രവർത്തനം പ്രതിസന്ധിയിലാകുകയും മദ്യനിർമാണം നിർത്തിവെയ്ക്കുകയും ചെയ്തിരുന്നു.
മദ്യത്തിൽ വെള്ളം ചേർത്ത് കഴിക്കുക എന്നതാണ് സാധാരണ ഗതിയിൽ പൊതു സമൂഹത്തിനുള്ള അറിവ്. എന്നാൽ മദ്യ നിർമാണത്തിൽ തന്നെ വെള്ളംചേർത്തു എന്ന ദുഷ്പേര് കൂടി പേറുകയാണ് ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ്. ജവാൻ കഴിച്ചാൽ പഴയത് പോലെ തലക്ക് പിടിക്കുന്നില്ല എന്ന സാധാരണക്കാരന്റെ പരാതികൂടി ഇതിനോട് ചേർത്തുവായിക്കേണ്ടതുണ്ട്.
( നിയമപ്രകാരമുള്ള മുന്നറിയിപ്പ്: മദ്യപാനം ആരോഗ്യത്തിന് ഹാനികരം)
Content Highlights: Travancore Sugars and Chemicals Ltd and jawan rum