റിയോ ഡി ജനീറോ > രണ്ടു ഗോളിനു വഴിയൊരുക്കിയും മൂന്നാം ഗോൾ സ്വന്തമാക്കിയും മിന്നിത്തിളങ്ങിയ സൂപ്പർതാരം ലയണൽ മെസ്സിയുടെ മികവിൽ ഇക്വഡോറിന് പുറത്തേക്കുള്ള ‘ഡോർ’ തുറന്ന് അർജന്റീന കോപ്പ അമേരിക്ക ഫുട്ബോളിന്റെ സെമി ഫൈനലിൽ. ആവേശകരമായ മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് അർജന്റീന ഇക്വഡോറിനെ വീഴ്ത്തിയത്. റോഡ്രിഗോ ഡി പോൾ (40), ലൗട്ടൗരോ മാർട്ടിനസ് (84), ലയണൽ മെസ്സി (90+3) എന്നിവരാണ് അർജന്റീനയ്ക്കായി ലക്ഷ്യം കണ്ടത്.
അർജന്റീന നേടിയ ആദ്യ രണ്ടു ഗോളിനും വഴിയൊരുക്കിയത് മെസ്സിയാണ്. 71–ാം മിനിറ്റിൽ പകരക്കാരനായി കളത്തിലിറങ്ങിയ എയഞ്ചൽ ഡി മരിയയുടെ പ്രകനവും നിർണായകമായി. അർജന്റീന നേടിയ അവസാന രണ്ടു ഗോളുകളിലും മരിയയുടെ കയ്യൊപ്പുണ്ട്. മെസ്സിയുടെ ഗോളിനു കാരണമായ ഫ്രീകിക്ക് നേടിയെടുത്തത് മരിയയാണ്. പിയേറോ ഹിൻകാപി ചുവപ്പുകാർഡ് കണ്ടു പുറത്തുപോയതിനാൽ 10 പേരുമായാണ് ഇക്വഡോർ മത്സരം പൂർത്തിയാക്കിയത്. സെമി പോരാട്ടത്തിൽ കൊളംബിയയാണ് അർജന്റീനയുടെ എതിരാളികൾ.