ബാക്കു > ചെക്ക് റിപ്പബ്ലിക്കിനെയും വീഴ്ത്തി ഡെൻമാർക്കിന്റെ വീരോചിത പ്രകടനം തുടരുന്നു. 2–-1ന്റെ ജയത്തോടെ ഡെൻമാർക്ക് യൂറോ കപ്പ് സെമിയിലേക്ക് കുതിച്ചു. യൂറോയിലെ വേദനിപ്പിക്കുന്ന തുടക്കത്തിനുശേഷം ഗംഭീരമായ തിരിച്ചുവരവ്. ആദ്യ കളിക്കിടെ പ്രധാന താരം എറിക്സൻ കുഴഞ്ഞുവീണിട്ടും രണ്ട് മത്സരം തുടർച്ചയായി തോറ്റിട്ടും ഡെൻമാർക്ക് വീര്യം കെട്ടില്ല.
ചെക്കിനെതിരെ തോമസ് ഡെലാനിയും കാസ്പെർ ഡോൾബെർഗും ഡെൻമാർക്കിനായി ഗോളടിച്ചു. ചെക്കിനായി പാട്രിക് ഷിക്ക് ഒരെണ്ണം തിരിച്ചടിച്ചു.
കളി തുടങ്ങി അഞ്ചാം മിനിറ്റിൽ ഡെൻമാർക്ക് ഗർജിച്ചു. സ്ട്രൈജർ ലാർസെന്റെ കോർണറിൽ ഡെലാനി സമർഥമായി തലവച്ചു. ചെക്ക് പ്രതിരോധം ഡെലാനിയെ മാർക്ക് ചെയ്യാൻ വിട്ടുപോയി. സ്വപ്ന സമാനമായ തുടക്കത്തിൽ മയങ്ങിപ്പോയില്ല ഡെൻമാർക്ക്. അവർ നിരന്തരം മുന്നേറി.
ഇടവേളയ്ക്ക് പിരിയുന്നതിന് തൊട്ടുമുമ്പ് യുവതാരം ഡോൾബെർഗിന്റെ തകർപ്പൻ ഗോളെത്തി. ഇടതുമൂലയിൽനിന്ന് മഹ്ലെ തൊടുത്ത സുന്ദരമായ ക്രോസ് വളഞ്ഞിറങ്ങി ഡോൾബെർഗിന്റെ കാലുകളിലേക്ക്. ചെക്ക് ഗോൾ കീപ്പർ തോമസ് വാക്ലിക്കിന് കാര്യങ്ങൾ പിടികിട്ടുംമുമ്പ് പന്ത് വലയിലെത്തി. യൂറോയിൽ ഡോൾബെർഗിന്റെ മൂന്നാംഗോൾ. ഡെൻമാർക്കിന്റെ പത്താം ഗോളും.
രണ്ടാംപകുതിയിൽ ചെക്കിന്റെ സ്വഭാവം മാറി. ബറാക്കിന്റെ മൂളിപ്പറന്ന ഷോട്ട് ഷ്മൈക്കേലിന്റെ വിരൽത്തുമ്പുകളിൽ തട്ടിത്തെറിച്ചു. നിമിഷങ്ങൾക്കുള്ളിൽ അവർ ഒരെണ്ണം തിരിച്ചടിച്ചു. കുഫെലിന്റെ ക്രോസ് ബോക്സിൽവച്ച് സ്വീകരിച്ച് ഷിക്ക് തൊടുത്തു. യൂറോയിൽ ഷിക്കിന്റെ അഞ്ചാം ഗോൾ. ഇതോടെ യൂറോ ഗോളടിക്കാരുടെ പട്ടികയിൽ പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കൊപ്പമെത്തി ഷിക്ക്.
1992ൽ ചാമ്പ്യൻമാരായ ശേഷം ആദ്യമായാണ് ഡെൻമാർക്ക് സെമിയിൽ കടക്കുന്നത്.