ജാനു വാങ്ങിയ കോഴപ്പണത്തിൽ ഒരു പങ്ക് സികെ ശശീന്ദ്രന്റെ ഭാര്യയ്ക്ക് കൈമാറിയെന്നായിരുന്നു ആരോപണം. ജാനുവിൽ നിന്നും പണം വാങ്ങിയതിന്റെ വിശദാംശങ്ങളാണ് അന്വേഷണ സംഘം തേടിയത്. എന്നാൽ മുൻപ് വാങ്ങിയ പണം തിരികെ നൽകുകയായിരുന്നെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ. ഇടപാട് ബാങ്ക് മുഖേനയാണെന്നും ക്രൈം ബ്രാഞ്ച് കണ്ടെത്തി.
അതേസമയം, കടം വാങ്ങിയ പണമാണ് തിരികെ തന്നതെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. 2019 ൽ കാറ് വാങ്ങാൻ സികെ ജാനു മൂന്ന് ലക്ഷം രൂപ കടം വാങ്ങിയിരുന്നുവെന്നും പണം വാങ്ങിയത് അക്കൗണ്ട് വഴിയാണെന്നും അക്കൗണ്ട് വഴി തന്നെയാണ് ജാനു പണം തിരികെ തന്നതെന്നും അദ്ദേഹം പറഞ്ഞു.
പണത്തിന്റെ ഒരു ഭാഗം നേരത്തെ തന്നിരുന്നു. ബാക്കിയുള്ളത് കഴിഞ്ഞ മാര്‍ച്ചിലാണ് തന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വാഹനം വാങ്ങുന്നതുമായി ബന്ധപ്പെട്ട് സാമ്പത്തിക സഹായം ചെയ്യാമോയെന്ന് ജാനു ചോദിച്ചു. ആദ്യം താൻ അവരെ ഡ്രൈവേഴ്സ് സൊസൈറ്റിക്കാരുടെ അടുത്തേക്ക് പറഞ്ഞുവിട്ടു. എന്തുകൊണ്ടോ അവിടെ നിന്നും ലോൺ ലഭിച്ചില്ല.
2019 ഒക്ടോബറിൽ മൂന്ന് ലക്ഷം രൂപ അക്കൗണ്ട് മാര്‍ഗം നൽകി. 2020ൽ അക്കൗണ്ട് മുഖേന ഒന്നര ലക്ഷം തിരികെ നൽകി. ശേഷിച്ച തുക 2021 മാര്‍ച്ചിലാണ് നൽകിയത്. വ്യക്തിപരമായ സാമ്പത്തിക സഹായം എന്ന നിലയ്ക്കാണ് പണം നൽകിയതെന്നും ശശീന്ദ്രൻ കൂട്ടിച്ചേര്‍ത്തു.