മട്ടന്നൂർ> കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനത്തിൽ ഒരു കോടിയുടെ സ്വർണം ഉപേക്ഷിക്കപ്പെട്ട നിലയിൽ. അബുദാബിയിൽനിന്ന് കണ്ണൂർ വഴി കൊച്ചിയിലേക്കുള്ള എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിലെ ശുചിമുറിയിൽനിന്നാണ് 1887 ഗ്രാം സ്വർണം കണ്ടെടുത്തത്. മിശ്രിത രൂപത്തിൽ രണ്ട് പായ്ക്കറ്റുകളിൽ ശുചിമുറിയിലെ മാലിന്യത്തോടൊപ്പമാണ് സ്വർണം കണ്ടെത്തിയത്. ഇതിന് 99,85,905 രൂപ വിലവരും.
കടത്തിക്കൊണ്ടുവന്ന സ്വർണം പിടികൂടുമെന്ന് കണ്ട് ഉപേക്ഷിച്ചതാകാമെന്നാണ് കരുതുന്നു. സ്വർണം കൊണ്ടുവന്നയാളെ തിരിച്ചറിയാനായിട്ടില്ല. സ്വർണക്കടത്ത് ചോർന്നതോടെ ക്യാരിയർ വിമാനത്തിലെ ശുചിമുറിയിൽ സ്വർണം ഉപേക്ഷിച്ച് രക്ഷപ്പെട്ടതായാണ് സംശയം. കസ്റ്റംസ് അന്വേഷണം തുടങ്ങി. കസ്റ്റംസ് ജോ. കമീഷണർ എസ് കിഷോർ, അസി. കമീഷണർ ഇ വികാസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സ്വർണം കണ്ടെത്തിയത്.