കോഴിക്കോട്: രാമനാട്ടുകര – വെങ്ങളം ബൈപ്പാസിന്റെ വീതികൂട്ടൽ വൈകുന്നതിന്റെ പശ്ചാത്തലത്തിൽ വിളിച്ചുചേർത്ത ഉന്നതലയോഗത്തിൽ കരാർ കമ്പനി അധികൃതരോട് പൊട്ടത്തെറിച്ച് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. കുണ്ടും കുഴിയും കാരണം അപകടങ്ങൾ ഉണ്ടായ സംഭവങ്ങളിൽ നിയമ നടപടി ഉൾപ്പെടെ ആലോചിക്കുമെന്നും ഉടൻ വിശദീകരണം നൽകിയില്ലെങ്കിൽ കരാർ റദ്ദാക്കുമെന്നും കമ്പനിക്ക് മന്ത്രി മുന്നറിയിപ്പ് നൽകി.
2018 ഏപ്രിലിൽ കരാർ ഉറപ്പിച്ച പദ്ധതിയാണ് കോഴിക്കോട് ബൈപാസ് ആറുവരിപാത. എന്നാൽ കരാർ കമ്പനിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കാരണം നിർമ്മാണ പ്രവൃത്തികൾ നടന്നിട്ടില്ല. മാത്രമല്ല നിലവിലെ റോഡിൽ നിറയെ കുഴികളും. തുടർന്നാണ് ബൈപാസിന്റെ നിലവിലെ സാഹചര്യം വിലയിരുത്താൻ ഉന്നതതല യോഗം ചേർന്നത്. യോഗത്തിൽ കമ്പനി അധികൃതരുമായി സംസാരിക്കുന്നതിനിടയിലാണ് മന്ത്രി രോഷാകുലനായത്.
കരാറുമായി ബന്ധപ്പെട്ട പ്രശ്നം കാരണം കുണ്ടും കുഴിയും അടക്കുന്ന പ്രവർത്തനം നടത്താതിരിക്കുന്നത് ഒരു തരത്തിലും വച്ചു പൊറുപ്പിക്കില്ലെന്ന് ഉന്നതതല യോഗം തീരുമാനിച്ചു. ബൈപാസിലെ കുണ്ടും കുഴികളേയും കുറിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ കരാറുകാരനോട് നിർദ്ദേശിച്ചു. കുണ്ടും കുഴിയും കാരണം അപകടങ്ങൾ ഉണ്ടായ സംഭവങ്ങളിൽ നിയമ നടപടി ഉൾപ്പെടെ ആലോചിക്കുമെന്ന് കരാറുകാരനെ അറിയിച്ചു. നിലവിലുളള പാതയിലെ കുഴിയടക്കാൻ 28 തവണ കത്തയച്ചിട്ടും നടപടി ഉണ്ടായില്ലെന്ന് മന്ത്രി പറയുന്നു.
അടിയന്തരമായി അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. മുറിച്ചു മാറ്റേണ്ട മരങ്ങൾ അടിയന്തരമായി മുറിക്കാനും നിർദ്ദേശം നൽകി. കരാറുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിക്കാൻ ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥരെ അടക്കം പങ്കെടുപ്പിച്ച് തിരുവനന്തപുരത്ത് യോഗം ചേരും.
മന്ത്രിമാരായ എ.കെ. ശശീന്ദ്രൻ, അഹമ്മദ് ദേവർ കോവിൽ, മേയർ ബീന ഫിലിപ്പ്, എം.കെ.രാഘവൻ എം.പി., എം.വി. ശ്രേയാംസ് കുമാർ എം.പി, എംഎൽഎമാരായ പി.ടി.എ.റഹീം, തോട്ടത്തിൽ രവീന്ദ്രൻ, കാനത്തിൽ ജമീല, കളക്ടർ ശ്രീറാം സാംബശിവറാവു, ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Content Highlights: PWD minister P. A. Mohammed Riyas against ramanattukara-vengalam bye pass construction company