കണ്ണൂർ: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ടി.പി.വധക്കേസ് പ്രതികളായ കൊടി സുനിയുടേയും മുഹമ്മദ് ഷാഫിയുടേയും വീട്ടിൽ കസ്റ്റംസിന്റെ റെയ്ഡ്. സ്വർണക്കൊള്ളയ്ക്ക് ഷാഫിയും കൊടി സുനിയും സഹായിച്ചുവെന്നഅർജുൻ ആയങ്കിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്.
കൊടി സുനിയുടെ ചൊക്ലിയിലെ വീട്ടിലാണ് നിലവിൽ കസ്റ്റംസുള്ളത്. ഇതിന് മുമ്പായി ഷാഫിയുടെ വീട്ടിലും പരിശോധന നടത്തിയതായാണ് വിവരം.
കൊടിസുനിയുമായും ഷാഫിയുമായും അർജുൻ ആയങ്കിക്ക് ആഴത്തിലുള്ള ബന്ധമുണ്ടെന്ന് ചോദ്യം ചെയ്യലിലൂടെ കസ്റ്റംസിന് വിവരം ലഭിച്ചിട്ടുണ്ട്. മൊഴികളുടെ അടിസ്ഥാനത്തിൽ ഇന്ന് രാവിലെ അർജുൻ ആയങ്കിയുടെ വീ്ട്ടിലാണ് കസ്റ്റംസ് ആദ്യം റെയ്ഡ് നടത്തിയത്. തുടർന്ന് കാറ് ഒളിപ്പിച്ച സ്ഥലത്തും പരിശോധന നടത്തി.
കസ്റ്റംസിന്റെ നിരന്തര ചോദ്യം ചെയ്യലിലാണ് കൊടി സുനിയും മുഹമ്മദ് ഷാഫിയും സ്വർണ്ണം പൊട്ടിക്കുന്നതിന്(തട്ടിയെടുക്കാൻ) സഹായിച്ചുവെന്ന മൊഴി അർജുൻ ആയങ്കി നൽകിയത്. ഇതിനുള്ള പ്രതിഫലം ഇവർക്ക് നൽകിയെന്നും അർജുൻ കസ്റ്റംസിനോട് സമ്മതിച്ചിട്ടുണ്ട്.
പൊട്ടിക്കുന്ന സ്വർണത്തിന്റെ മൂന്നിൽ ഒരു പങ്ക് പാർട്ടിക്ക്(കൊടി സുനി ടീമിനെ വിശേഷിപ്പിച്ചിരുന്നത് പാർട്ടി എന്നാണ്) നൽകുമെന്ന് പറയുന്ന ഫോൺ സംഭാഷണം നേരത്തെ പുറത്തുവന്നിരുന്നു.
ടി.പി കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കൊടി സുനിയാണ് അവിടെ ഇരുന്ന് ക്വട്ടേഷൻ ടീമിനെ നിയന്ത്രിക്കുന്നത് എന്ന റിപ്പോർട്ടുകൾ നേരത്തെയും പുറത്തുവന്നിരുന്നു. ഇപ്പോൾ പരോളിലാണ് മുഹമ്മദ് ഷാഫിയുള്ളത്.