കൊച്ചി > സ്ത്രീധനത്തിനെതിരെ ഡിവൈഎഫ്ഐ കേരളത്തിൽ വിപുലമായ ക്യാമ്പയിൻ നടത്തുമെന്ന് സംസ്ഥാന സെക്രട്ടറി എ എ റഹീം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ക്യാമ്പയിന്റെ ഭാഗമായി 10 മുതൽ 20 വരെ ബ്ലോക്ക് തലത്തിൽ സെമിനാറുകൾ സംഘടിപ്പിക്കും. ഓൺലൈൻ വഴി 213 സെമിനാറുകളാണ് നടത്തുക. ഇൻസ്റ്റാഗ്രാം, വാട്സാപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹമാധ്യമങ്ങളിലൂടെയും പ്രചാരണം ശക്തമാക്കും. യൂണിറ്റ് കേന്ദ്രങ്ങളിൽ 15–-20 വരെ സ്ത്രീധനവിരുദ്ധ പ്രതിജ്ഞയെടുക്കും. 26, 000 യൂണിറ്റുകളിൽ യുവതീ–-യുവാക്കൾ സ്ത്രീധന വിരുദ്ധ പ്രതിജ്ഞയിൽ പങ്കാളികളാകും. ‘സ്ത്രീധനം വാങ്ങില്ല, കൊടുക്കില്ല’ എന്ന് സൂചിപ്പിക്കുന്ന സ്ഥിരം ബോർഡുകൾ യൂണിറ്റ് കേന്ദ്രങ്ങളിൽ സ്ഥാപിക്കുമെന്നും എ എ റഹീം പറഞ്ഞു.
ഇന്ധന, പാചകവാതക വിലവർധനവിനെതിരെ ആറിന് ബ്ലോക്ക് കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കും.
പോക്സോ കേസ് പ്രതികളെ സംരക്ഷിക്കുന്ന മാത്യു കുഴൽനാടൻ എംഎൽഎയെ ജനകീയ വിചാരണയ്ക്ക് വിധേയമാക്കും. മൂവാറ്റുപുഴയിൽ ഏഴിന് നടക്കുന്ന ജനകീയ വിചാരണ രാവിലെ 10ന് സംസ്ഥാന സെക്രട്ടറി എ എ റഹീം ഉദ്ഘാടനം ചെയ്യും.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഡിവൈഎഫ്ഐ സംസ്ഥാനത്ത് 11, 538 കോവിഡ് വാക്സിനേഷൻ ഹെൽപ്പ് ഡെസ്ക്കുകളാണ് നടത്തിയതെന്ന് എ എ റഹീം പറഞ്ഞു. കോവിഡ് ബാധിച്ച് മരിച്ച 6334 പേരുടെ മൃതദേഹങ്ങൾ ഡിവൈഎഫ്ഐ നേതൃത്വത്തിൽ സംസ്ക്കരിച്ചു. സംസ്ഥാനത്ത് 57,261 സ്നേഹക്കിറ്റുകൾ ഡിവൈഎഫ്ഐ വിതരണം ചെയ്തു. 5893 സ്നേഹവണ്ടികളാണ് സേവനം നടത്തിയതെന്നും എ എ റഹീം പറഞ്ഞു.
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുകയാണ്. ബിജെപി ഹവാല പാർടിയായി മാറി. കുഴൽപണ പാർടിയുടെ തലവനായ സുരേന്ദ്രന് കുഴൽപണ പനിയാണെന്നും എ എ റഹീം പറഞ്ഞു. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ്, സംസ്ഥാന ട്രഷറർ എസ് കെ സജീഷ്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി ബി രതീഷ്, സോളമൻ സിജു, ജില്ലാ പ്രസിഡന്റ് ഡോ. പ്രിൻസി കുര്യാക്കോസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.