തിരുവനന്തപുരം
നയതന്ത്ര ബാഗേജിലൂടെയുള്ള സ്വർണക്കടത്ത് പിടികൂടി ഒരു വർഷം പിന്നിടുമ്പോൾ മുഖ്യചോദ്യങ്ങൾക്കൊന്നിനും ഉത്തരം നൽകാതെ അന്വേഷണ ഏജൻസികൾ ഇരുട്ടിലാണ്. ഈ സാഹചര്യത്തിൽ പ്രതിപക്ഷത്തിനും ബിജെപിക്കും ചില മാധ്യമങ്ങൾക്ക് നേരെയും ഉത്തരംമുട്ടിക്കുന്ന ചില ചോദ്യങ്ങൾ ഉയരുന്നു. നുണയും കഴമ്പില്ലാത്ത ആരോപണവും ഉയർത്തി മാസങ്ങളോളം സർക്കാരിനെ വേട്ടയാടിയ യുഡിഎഫും ബിജെപിയും മാധ്യമങ്ങളും അടങ്ങിയ “സർക്കാർവിരുദ്ധ മുന്നണി’യെ ദുഃസ്വപ്നംപോലെ വേട്ടയാടുകയാണ് ഇന്ന് സ്വർണക്കടത്ത് കേസ്. മുഖ്യസൂത്രധാരനെപ്പോലും പിടികൂടാനാകാതിരുന്നിട്ടും മാധ്യമങ്ങൾ ഇന്ന് മൗനത്തിലാണ്.
ആവശ്യപ്പെട്ടത് കൃത്യമായ
അന്വേഷണം; നടത്തിയത്
രാഷ്ട്രീയ വേട്ട
2020 ജൂലൈ അഞ്ചിനാണ് സ്വർണം പിടികൂടിയത്. ജൂലൈ ഒമ്പതിനു കേന്ദ്ര ഏജൻസികളെ ഏകോപിപ്പിച്ച് ഫലപ്രദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. പിന്നീട് എൻഐഎ, ഇഡി, കസ്റ്റംസ്, ഐബി, സിബിഐ ഇങ്ങനെ അഞ്ച് ഏജൻസി കേരളത്തിലെത്തി. പഴുതടച്ചുള്ള അന്വേഷണമാണ് സംസ്ഥാന സർക്കാർ പ്രതീക്ഷിച്ചത്. സംഭവിച്ചതാകട്ടെ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള പടനീക്കവും.
ആദ്യ കഥ “മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് വിളിച്ചു’
സ്വർണം വിട്ടുകൊടുക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് വിളിച്ചുവെന്നതായിരുന്നു ആദ്യ കഥ. ഇത് നിരാകരിച്ച കസ്റ്റംസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് വിളിച്ചതിന് ഇതുവരെ ഒരു തെളിവും കണ്ടെത്തിയുമില്ല. മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനെ കേന്ദ്രീകരിച്ചായിരുന്ന പിന്നീട് സർക്കാരിനെതിരായ പ്രചാരണം. ശിവശങ്കറിനെ സസ്പെൻഡ് ചെയ്ത് എല്ലാ ചുമതലയിൽനിന്നും മാറ്റി നിർത്തിയിട്ടും “സർക്കാർവിരുദ്ധ മുന്നണി’ വേട്ട തുടർന്നു. കേസന്വേഷണത്തിന്റെ അവസാനം എൻഐഎ ശിവശങ്കറിനെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയില്ല. സ്വപ്ന സുരേഷിന്റെ മൊഴിയെ ആധാരമാക്കി കസ്റ്റംസും ഇഡിയും അദ്ദേഹത്തെ പ്രതിയാക്കി. എന്നാൽ, ശിവശങ്കറിലൂടെ രാഷ്ട്രീയ നേതൃത്വത്തിലേക്ക് എത്താമെന്ന ഏജൻസികളുടെ നീക്കം പാളി. മന്ത്രി, സ്പീക്കർ എന്നിവരെ കുറച്ചുകാലം സംശയനിഴലിൽ നിർത്താൻ കഴിഞ്ഞൂവെന്നതിനപ്പുറം പോകാനായില്ല. കോൺസുലേറ്റിൽനിന്ന് കുട്ടികൾക്ക് നൽകിയ ഈന്തപ്പഴം, അനാഥാലയങ്ങൾക്ക് കൈമാറിയ ഖുർആൻ എന്നിവയിലേക്കുവരെ രാഷ്ട്രീയ അന്വേഷണം വഴിതിരിച്ചുവിട്ടു.
തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകൾ ലക്ഷ്യംവച്ചാണ് ബിജെപിയും യുഡിഎഫും കൈകോർത്തത്. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ പ്രതികൾക്കുമേൽ സമ്മർദം ചെലുത്തിയതിന് അന്വേഷണ ഏജൻസികൾ ഇന്ന് പ്രതിക്കൂട്ടിലാണ്.
നയതന്ത്ര ബാഗേജിൽ തിരുവനന്തപുരം വിമാനത്താവളം വഴി കടത്തിയ 30 കിലോ സ്വർണം കസ്റ്റംസ് പിടികൂടിയിട്ട് ജൂലൈ അഞ്ചിന് ഒരുവർഷം തികയുന്നു. തീവ്രവാദബന്ധവുംവരെ ഉന്നയിച്ച് അന്വേഷണത്തിനിറങ്ങിയത് അഞ്ച് കേന്ദ്ര ഏജൻസികൾ. എന്നാൽ സ്വർണം കയറ്റി അയച്ചവരും കള്ളക്കടത്തിന് ചുക്കാൻപിടിച്ച യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥരും എവിടെ എന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്ല. തീവ്രവാദ ബന്ധത്തിനുള്ള തെളിവ് എവിടെ എന്ന കോടതിയുടെ ചോദ്യത്തിനും ഉത്തരമില്ല. കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് നാണക്കേടിന്റെ ഒരുവർഷം സമ്മാനിച്ച കേസിന്റെ ബാക്കിപത്രം ഇതാണ്.
2020 ജൂൺ 30ന് തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിന്റെ മേൽവിലാസത്തിലെത്തിയ ബാഗേജ് രഹസ്യവിവരത്തെ തുടർന്നാണ് കസ്റ്റംസ് തടഞ്ഞുവച്ചത്. ജൂലൈ അഞ്ചിന് ബാഗേജ് തുറന്നു പരിശോധിച്ചതോടെ കസ്റ്റംസ് കേസിന് തുടക്കമായി. കോൺസുലേറ്റിലെ മുൻ പിആർഒ പി എസ് സരിത്താണ് ആദ്യം അറസ്റ്റിലായത്. ജൂലൈ 10ന് എൻഐഎ കേസെടുത്തു. രണ്ടും നാലും പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ബംഗളൂരുവിൽനിന്ന് എൻഐഎ പിടികൂടി.
കള്ളപ്പണ ഇടപാട് അന്വേഷണത്തിന് ഇഡിയും കേസ് രജിസ്റ്റർ ചെയ്തു. കസ്റ്റംസ് ഇതിനിടെ കേസുമായി ബന്ധമുള്ള പത്തോളംപേരെ അറസ്റ്റുചെയ്തിരുന്നു. കെ ടി റമീസ്, വിദേശത്തുള്ള മുഖ്യപ്രതിയെന്ന് കരുതുന്ന ഫൈസൽ ഫരീദിന്റെ കൂട്ടാളി റബിൻസ് ഉൾപ്പെടെയുള്ള പ്രതികളും പിന്നീട് അറസ്റ്റിലായി. കള്ളക്കടത്തിൽ കോൺസുലേറ്റ് ജനറലിനും അറ്റാഷെക്കുമുള്ള പങ്ക് പ്രതികൾ വെളിപ്പെടുത്തി. എന്നിട്ടും ആദ്യഘട്ടത്തിൽ അവരെ കേസിൽ പ്രതിചേർത്തില്ല. ഇതിനിടെ ഇവർ രാജ്യംവിട്ടു. ലൈഫ് മിഷൻ, കെ ഫോൺ പദ്ധതികളെ വിവാദത്തിലാക്കാനും ശ്രമമുണ്ടായി. കോടതികളിൽനിന്ന് അന്വേഷണ ഏജൻസികൾക്കെതിരെ പലകുറി കടുത്ത പരാമർശവുമുണ്ടായി. യുഎപിഎ പോലുള്ള ഗുരുതര വകുപ്പുകൾ ചുമത്തിയതിന് തെളിവ് എവിടെ എന്ന ചോദ്യം കോടതി ആവർത്തിച്ചു. അതോടെ എൻഐഎ കേസിൽ ഉൾപ്പെടെ പ്രധാനപ്രതികൾ മാപ്പുസാക്ഷികളായി. തെളിവുകളുടെ അഭാവത്തിൽ കുറ്റപത്രം വൈകിയപ്പോൾ കസ്റ്റംസ് കേസിൽ ഭൂരിഭാഗം പ്രതികളും ജാമ്യത്തിലിറങ്ങി.