വാക്കുകൊണ്ടും നോട്ടം കൊണ്ടും പ്രവൃത്തികൊണ്ടും സ്ത്രീകൾക്ക് വിലങ്ങ് തീർക്കുന്ന സമൂഹക്രമം മാറണം
സ്ത്രീകളും പുരുഷന്മാരും തുല്യ അവകാശങ്ങളുള്ളവരാണെന്ന് കുഞ്ഞുങ്ങളെ പഠിപ്പിക്കണം
തിരുവനന്തപുരം
ലിംഗസമത്വത്തിന്റെ പ്രാധാന്യവും പ്രസക്തിയും പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പറഞ്ഞു. കേരളീയ സമൂഹത്തിൽ ഉയർന്നുവരുന്ന സ്ത്രീവിരുദ്ധതയ്ക്കെതിരെ സിപിഐ എം സംഘടിപ്പിക്കുന്ന ‘സ്ത്രീപക്ഷ കേരളം’ ക്യാമ്പയിനിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു അവർ. ലിംഗസമത്വം വീടുകളിൽനിന്ന് തുടങ്ങണം. സ്ത്രീകളും പുരുഷന്മാരും തുല്യഅവകാശങ്ങളുള്ളവരാണെന്ന് കുഞ്ഞുങ്ങളെ പഠിപ്പിക്കണമെന്നും ബൃന്ദ പറഞ്ഞു.
സ്ത്രീവിരുദ്ധതയിൽ അടിയുറച്ച പുരുഷാധികാര ചിന്തകൾക്കാണ് സമൂഹത്തിൽ ഇന്നും മേൽക്കൈ. അത്തരം യാഥാസ്ഥിതിക ചിന്താഗതിക്കാർ സ്ത്രീകളെ പലതലങ്ങളിൽ ചൂഷണത്തിന് വിധേയയാക്കുകയാണ്. അസമത്വത്തിന്റെ ഭാഗമാണ് സ്ത്രീധനംപോലുള്ള തെറ്റായ പ്രവണതകൾ. ഇവയ്ക്കെതിരായ ബോധവൽക്കരണം നല്ല ചുവടുവയ്പാണ്.
സ്ത്രീകൾ സമൂഹത്തിന്റെ എല്ലാ മേഖലകളിലും കഴിവ് തെളിയിച്ചിട്ടുണ്ട്. എന്നാൽ പുറത്തുള്ള ജോലിക്കൊപ്പം അടുക്കള ജോലിയും അവൾ ചെയ്യേണ്ടിവരുന്നു. അടുക്കള ജോലികളിൽ പങ്കാളികളാകുന്ന പുരുഷന്മാർ വളരെ കുറവാണ്. വാക്കുകൊണ്ടും നോട്ടം കൊണ്ടും പ്രവൃത്തികൊണ്ടും സ്ത്രീകൾക്ക് വിലങ്ങ് തീർക്കുന്ന സമൂഹക്രമത്തിന് മാറ്റംവരണം.
കേരളത്തിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ ശക്തമായ നടപടിയെടുക്കുന്നുവെന്നത് നല്ല സൂചനയാണ്. ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും സവർണ ജാതി പ്രമാണിമാരാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. മനുസ്മൃതിയാണ് അവരുടെ വഴികാട്ടി. ഇവിടങ്ങളിൽ സ്ത്രീകൾ വലിയ പീഢനങ്ങളാണ് നേരിടുന്നതെന്നും ബൃന്ദ പറഞ്ഞു. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ എംഎൽഎ, ആരോഗ്യ മന്ത്രി വീണാ ജോർജ് എന്നിവരും ക്യാമ്പയിനിന്റെ ഭാഗമായുള്ള ഓൺലൈൻ പരിപാടിയിൽ സംസാരിച്ചു.