കൽപ്പറ്റ
സി കെ ജാനുവിനെ എൻഡിഎ സ്ഥാനാർഥിയാക്കാൻ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ കോഴ നൽകിയെന്ന കേസിൽ സാക്ഷികളിൽനിന്ന് കോടതി രഹസ്യമൊഴിയെടുത്തു. ജെആർപി സംസ്ഥാന പ്രസിഡന്റ് പ്രകാശൻ മൊറാഴ, ട്രഷറർ പ്രസീത അഴീക്കോട്, ഓർഗനൈസർ ബിജു അയ്യപ്പൻ എന്നിവരിൽനിന്നാണ് ക്രൈംബ്രാഞ്ച് അഭ്യർഥന പ്രകാരം മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ട് മൊഴിയെടുത്തത്. 10 ലക്ഷം രൂപ തിരുവനന്തപുരം ഹൊറൈസൺ ഹോട്ടലിൽവച്ച് സുരേന്ദ്രൻ നേരിട്ടും 25 ലക്ഷം രൂപ ബിജെപി വയനാട് ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് മലവയൽ ബത്തേരി മണിമല ഹോംസ്റ്റേയിൽവച്ചും സി കെ ജാനുവിന് കൈമാറിയെന്ന് സാക്ഷികൾ ജഡ്ജി ലെനിൻദാസ് മുമ്പാകെ മൊഴിനൽകി. പണം കൈമാറുംമുമ്പ് കെ സുരേന്ദ്രൻ, ബിജെപി സംഘടനാ സെക്രട്ടറി എം ഗണേഷ് എന്നിവരുമായി നടത്തിയ സംഭാഷണങ്ങളുടെ വിശദാംശങ്ങളും കോടതിയെ അറിയിച്ചു. സുരക്ഷാ ഭീഷണിയുള്ളതിനാൽ കണ്ണൂരിൽനിന്ന് പൊലീസ് അകമ്പടിയിലാണ് ഇവർ മൊഴി നൽകാനെത്തിയത്.
സുരേന്ദ്രനെതിരെ
ശക്തമായ
തെളിവുകൾ
അതിനിടെ കോഴയിടപാടിന്റെ ശക്തമായ തെളിവുകൾ അന്വേഷകസംഘത്തിന് ലഭിച്ചതായാണ് വിവരം. ബിജെപി വയനാട് ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് മലവയൽ, ബിഡിജെഎസ് പ്രവർത്തകൻ ശ്രീലേഷ് എന്നിവരെ ചോദ്യംചെയ്തതിൽനിന്ന് തെരഞ്ഞെടുപ്പിന്റെ ഭാഗമായി മൂന്ന് കോടിയിലധികം രൂപ വയനാട്ടിലെത്തിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. സാക്ഷിമൊഴികളുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിൽ ജാനുവിന് കെ സുരേന്ദ്രൻ പണം നൽകിയെന്നുതന്നെയാണ് ക്രൈംബ്രാഞ്ച് നിഗമനം. വൈകാതെ തന്നെ കെ സുരേന്ദ്രൻ, സി കെ ജാനു എന്നിവരെയും ചോദ്യംചെയ്യും.