ന്യൂഡൽഹി
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരാഥ് സിങ് റാവത്ത് രാജിവച്ചു. വെള്ളിയാഴ്ച രാത്രി വൈകി ഗർവണർ ബേബി റാണി മൗര്യക്ക് രാജിക്കത്ത് നൽകി. ബിജെപി നേതൃത്വത്തിനും രാജി കൈമാറിയിരുന്നു. ഡൽഹിയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെ പി നഡ്ഡ എന്നിവരുമായി മൂന്നുദിവസം നീണ്ട ചർച്ചയ്ക്കുശേഷമാണ് ഇത്. അടുത്തവർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കഴിഞ്ഞ മാർച്ചിലാണ് ത്രിവേന്ദ്ര സിങ് റാവത്തിനുപകരം തിരാഥ് സിങ്ങിനെ മുഖ്യമന്ത്രിയായി ബിജെപി ദേശീയനേതൃത്വം നിയോഗിച്ചത്. ഭരണപരാജയവും ബിജെപി ഉൾപ്പോരും മറയ്ക്കാനായിരുന്നു ശ്രമം. നാലു മാസം കഴിഞ്ഞിട്ടും എംഎൽഎയാകാൻ കഴിയാത്തതും നിയമസഭാ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാത്തതും തിരാഥ് സിങ്ങിനെ ഭരണഘടന പ്രതിസന്ധിയിലാക്കിയിരുന്നു. ഒപ്പം സംസ്ഥാന ബിജെപിയിലെ കടുത്ത ആഭ്യന്തരകലഹവും കാരണമായി.
എംപിയായ തിരാഥ് സിങ്ങിന് മുഖ്യമന്ത്രിസ്ഥാനം നിലനിർത്താൻ സെപ്തംബർ പത്തിനകം നിയമസഭാംഗമാകണം. ഗംഗോത്രി, ഹൽദ്വാനി സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നെങ്കിലും കോവിഡ് സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ല. ഒരു വർഷത്തിൽ കൂടുതൽ കാലാവധി അവശേഷിക്കുന്നില്ലെങ്കിൽ തെരഞ്ഞെടുപ്പ് വേണ്ടെന്നുവയ്ക്കാം. അടുത്ത മാർച്ച് 23 വരെ മാത്രമാണ് നിയമസഭാ കാലാവധി. തിരാഥിന്റെ എതിരാളികളായ സത്പാൽ മഹാരാജ്, ധൻസിങ് റാവത്ത് എന്നിവരും ഡൽഹിയിൽ നേതൃത്വവുമായി ചർച്ച നടത്തി. തിരാഥ് സിങ് ഒഴിഞ്ഞാൽ മുഖ്യമന്ത്രിയാകാമെന്ന് ഇവർ പറയുന്നു. മാർച്ചിൽ തഴയപ്പെട്ടവരാണ് രണ്ടുപേരും.