കൊച്ചി
വില്ലിങ്ടൺ ഐലൻഡിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഓഫീസിന്റെ ഭാഗമായിരുന്ന വിദ്യാഭ്യാസവകുപ്പ് ഓഫീസ് അടച്ചുപൂട്ടുന്നു. ജീവനക്കാരോട് ഒരാഴ്ചയ്ക്കുള്ളിൽ കവരത്തിയിൽ റിപ്പോർട്ട് ചെയ്യാനും നിർദേശം നൽകി. ലക്ഷദ്വീപിലെ ഭരണപരിഷ്കാരവുമായി ബന്ധപ്പെട്ട് കേരളവുമായുള്ള ബന്ധം കുറയ്ക്കുന്നതിന്റെ ഭാഗമാണ് തീരുമാനം.
ഓഫീസിലെ ഇലക്ട്രോണിക്സ് ഉപകരണങ്ങളും ഫർണിച്ചറുകളും കവരത്തിയിലേക്ക് മാറ്റാനും നിർദേശിച്ചിട്ടുണ്ട്. അഡ്മിനിസ്ട്രേഷൻ ഓഫീസിലെ ജീവനക്കാരുടെ എണ്ണം കുറയ്ക്കണമെന്ന് നേരത്തേ അഡ്മിനിസ്ട്രേറ്റർ നിർദേശിച്ചിരുന്നു. ലക്ഷദ്വീപിൽനിന്ന് പഠിക്കാനെത്തുന്ന വിദ്യാർഥികളുടെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് കൊച്ചിയിൽ വിദ്യാഭ്യാസവകുപ്പ് ഓഫീസ് തുടങ്ങിയത്. വിദ്യാഭ്യാസ ഓഫീസറും മറ്റു ജീവനക്കാരുമാണ് കൊച്ചിയിലെ ഓഫീസിലുള്ളത്.
ഓഫീസ് അടച്ചുപൂട്ടാനുള്ള തീരുമാനത്തിനെതിരെ വലിയ പ്രതിഷേധമുയർന്നിട്ടുണ്ട്. ദ്വീപിലെ വിദ്യാർഥികൾ ഉന്നത വിദ്യാഭ്യാസത്തിന് പ്രധാനമായും കേരളത്തെയാണ് ആശ്രയിക്കുന്നത്. ലക്ഷദ്വീപുകാരായ നാലായിരത്തോളം വിദ്യാർഥികൾ വിവിധ സംസ്ഥാനങ്ങളിൽ പഠിക്കുന്നുണ്ട്. കൂടുതൽപ്പേർ കേരളത്തിലാണ്. അവർക്ക് പഠനവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ആശ്രയിക്കാൻ മെയിൽ ലാൻഡിലുള്ള ഏക ഓഫീസും കൊച്ചിയിലേതാണ്. സ്കോളർഷിപ്, മറ്റു സഹായങ്ങൾ, വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടുണ്ടാകുന്ന റാഗിങ് ഉൾപ്പെടെ കാര്യങ്ങൾക്കെതിരായ പരാതികൾ എന്നിവ അറിയിക്കേണ്ടതും ഇവിടെയാണ്. ഓഫീസ് ലക്ഷദ്വീപിലേക്ക് മാറ്റുന്നതോടെ അത്തരം ആവശ്യങ്ങൾക്ക് കപ്പൽ കയറി പോകേണ്ടിവരും. സ്കോളർഷിപ് ഉൾപ്പെടെയുള്ളവ ലഭിക്കാൻ പലകുറി ഓഫീസ് കയറിയിറങ്ങേണ്ടിവരാറുണ്ടെന്നും കൊച്ചിയിൽ ഓഫീസുള്ളതിനാൽ പ്രയാസമില്ലായിരുന്നെന്നും ലക്ഷദ്വീപ് സ്റ്റുഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് മുഹമ്മദ് സഫറുള്ള പറഞ്ഞു.
ലക്ഷദ്വീപിന് കേരളവുമായുള്ള ബന്ധം പടിപടിയായി ഇല്ലാതാക്കാനുള്ള നീക്കംകൂടിയായി ഇത് വിലയിരുത്തപ്പെടുന്നു. ലക്ഷദ്വീപിലെ കേസുകൾ കേരള ഹൈക്കോടതിയിൽനിന്ന് മാറ്റാൻ അഡ്മിനിസ്ട്രേഷൻ കേന്ദ്രത്തോട് നേരത്തേ ആവശ്യപ്പെട്ടിരുന്നു. കൊച്ചി, ബേപ്പൂർ തുറമുഖങ്ങളെ ഒഴിവാക്കി മംഗളൂരുവിനെ പ്രധാന ആശ്രയകേന്ദ്രമാക്കാനുള്ള നടപടികളും ആരംഭിച്ചിരുന്നു. അഡ്മിനിസ്ട്രേറ്ററുടെ പരിഷ്കാരങ്ങൾക്കെതിരെ ലക്ഷദ്വീപിൽ ഉയരുന്ന പ്രതിഷേധങ്ങൾക്ക് കേരളം നൽകുന്ന പിന്തുണയാണ് അഡ്മിനിസ്ട്രേഷനെയും കേന്ദ്ര സർക്കാരിനെയും ചൊടിപ്പിക്കുന്നത്.