കൊച്ചി
പൊതുഗതാഗത സംവിധാനമാകെ ഒറ്റ ക്ലിക്കിൽ ലഭ്യമാക്കുന്ന കൊച്ചി ഓപ്പൺ മൊബിലിറ്റി നെറ്റ്വർക്ക് സംവിധാനത്തിന്റെ ആദ്യഘട്ടമായി കാർ യാത്രയ്ക്കുള്ള ‘യാത്രി’ ആപ്പ് തയ്യാറായി. പ്രവർത്തന പരിധി കൊച്ചി നഗരത്തിനുമപ്പുറം ജിസിഡിഎ, ജിഡ അതോറിറ്റികളുടെ കീഴിലുള്ള പ്രദേശങ്ങളുമാക്കുന്നതിനുള്ള വിജ്ഞാപനം ഉടൻ ഇറങ്ങും. വൈപ്പിൻ ബസുകൾ നഗരത്തിൽ പ്രവേശിപ്പിക്കുന്നതിനു മുന്നോടിയായി നാക്പാക് പഠന റിപ്പോർട്ട് അടുത്തമാസം ലഭിക്കും. രൂപീകരിച്ച് എട്ടുമാസത്തിനുള്ളിലാണ് കൊച്ചി മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റിയുടെ (കെഎംടിഎ) നേട്ടം.
നാഷണൽ അർബൻ ട്രാൻസ്പോർട്ട് പോളിസി പ്രകാരം രാജ്യത്താദ്യമായി കേരള മെട്രോപൊളിറ്റൻ ട്രാൻസ്പോർട് നിയമം പാസാക്കുകയും 2020 നവംബർ ഒന്നിന് കെഎംടിഎ നിലവിൽ വരുകയും ചെയ്തു. മെട്രോ റെയിൽ, ബസ് സർവീസുകൾ, ഓട്ടോ, ടാക്സി, വാട്ടർ മെട്രോ, സൈക്കിൾ സവാരി എന്നിവയെല്ലാം ജനങ്ങൾക്ക് ഏറ്റവും എളുപ്പം ലഭ്യമാക്കുംവിധം ഏകോപിപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്ക് അതോറിറ്റി ഇതിനകം തുടക്കമിട്ടു.
കുറഞ്ഞ നിരക്കിൽ കാർ യാത്ര ലഭ്യമാക്കുന്ന ‘യാത്രി’ ആപ്പിൽ നഗരത്തിലെ ഭൂരിപക്ഷം ഡ്രൈവർമാരും ചേർന്നുകഴിഞ്ഞു. അടുത്തമാസം ഔദ്യോഗിക ലോഞ്ചിങ് നടത്തും. ഓട്ടോറിക്ഷയ്ക്ക് നിലവിൽ തൊഴിലാളികൾ നടത്തുന്ന ആപ്പ് ഉപയോഗിക്കും. മെട്രോ, വാട്ടർ മെട്രോ, ബസ്, സൈക്കിൾ, എയർപോർട്ട് സേവനങ്ങൾ എന്നീ ആപ്പുകളെല്ലാം തയ്യാറാക്കി കൊച്ചി ഓപ്പൺ മൊബിലിറ്റി നെറ്റ്വർക്ക് എന്ന ഏകജാലകത്തിലാക്കും. വൈപ്പിൻ ബസുകൾ ഏതൊക്കെ റൂട്ടുകളിലേക്ക് തിരിച്ചുവിട്ട് ഗതാഗതക്കുരുക്കില്ലാത്ത യാത്ര ഉറപ്പുവരുത്താമെന്നതു സംബന്ധിച്ച പഠനം നാക്പാകിന്റെ സഹായത്തോടെ നടക്കുന്നു. ഇതിന്റെ വിവരശേഖരണം കഴിഞ്ഞു. വിശകലനം നടക്കുകയാണ്.
റവന്യൂ ടവറിലാണ് കെഎംടിഎ ഓഫീസ്. സിഎസ്എംഎൽ എംഡി കൂടിയായ ജാഫർ മാലികാണ് സിഇഒ. സ്പെഷ്യൽ ഓഫീസറായി ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണർ കൂടിയായ ഷാജി മാധവൻ പ്രവർത്തിക്കുന്നു. അതോറിറ്റി പൂർണമായി പ്രവർത്തനസജ്ജമാകുമ്പോൾ 20 വിദഗ്ധ ഓഫീസർമാരുടെ സേവനം വേണം. പൊതുഗതാഗത സംവിധാനം കൈകാര്യം ചെയ്യുന്നതിൽ 10 വർഷം പരിചയമുള്ള 10 വിദഗ്ധരെ അതോറിറ്റിയിലേക്കു മാറ്റാനുള്ള നടപടിക്രമങ്ങളും അവസാനഘട്ടത്തിലാണ്. അതോറിറ്റി രൂപീകരിച്ച ഉടനെതന്നെ രണ്ടു തെരഞ്ഞെടുപ്പുകളും കോവിഡ് തരംഗവും നേരിട്ടുള്ള ചർച്ചയ്ക്ക് തടസ്സമായിട്ടും പ്രാരംഭ പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടുകയാണ് അതോറിറ്റി.
കൂടുതൽ ജീവനക്കാരെ വേണം
മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റിയുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ജീവനക്കാരെ ആവശ്യമുണ്ടെന്ന് സിഇഒ ജാഫർ മാലിക് പറഞ്ഞു. ജീവനക്കാരെ നിയമിക്കുന്നതിനുള്ള അപേക്ഷ ധനവകുപ്പിന്റെ പരിഗണനയിലാണ്. നിയമനകാര്യത്തിൽ സർക്കാരിൽനിന്ന് അനുകൂല തീരുമാനമുണ്ടായാൽ കെഎംടിഎയുടെ പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിലാകുമെന്നും അദ്ദേഹം പറഞ്ഞു.