യഥാർഥ മരണം 10 ലക്ഷമെന്ന് പഠനം
രാജ്യത്ത് കോവിഡ് മരണം ഔദ്യോഗിക കണക്കിന്റെ പലമടങ്ങെന്ന് പഠനറിപ്പോർട്ടുകൾ. ഔദ്യോഗിക സ്ഥിരീകരണത്തിന്റെ മൂന്നിരട്ടിയെങ്കിലും മരണമുണ്ടെന്ന ലോകാരോഗ്യ സംഘടനയുടെ നിരീക്ഷണവും ഈ റിപ്പോർട്ടുകളെ സാധൂകരിക്കുന്നു. ജനന–- മരണ കണക്കുകൾ രേഖപ്പെടുത്തുന്ന സിവിൽ രജിസ്ട്രേഷൻ സംവിധാനത്തെ ആശ്രയിച്ചാണ് വിലയിരുത്തലുകൾ. മുൻവർഷങ്ങളെ അപേക്ഷിച്ച് കോവിഡ് മഹാമാരിക്കാലത്തെ ‘അധിക മരണ’ങ്ങളാണ് ഇതിന് അവലംബിക്കുന്നത്.
ഇന്ത്യയിൽ 10 ലക്ഷത്തിലേറെ കോവിഡ് മരണം സംഭവിച്ചിട്ടുണ്ടാകാമെന്ന് ‘ദി ഇക്കണോമിസ്റ്റ്’ പറയുന്നു. വാഷിങ്ടൺ സർവകലാശാലയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് മെട്രിക്സ് ആൻഡ് ഇവാല്യൂവേഷന്റെ പഠനപ്രകാരം മെയ് ആറുവരെ ഇന്ത്യയിൽ 6.54 ലക്ഷം കോവിഡ് മരണമുണ്ടായി. ആ സമയത്ത് ഔദ്യോഗിക കണക്ക് 2.21 ലക്ഷംമാത്രം. യഥാർഥ കോവിഡ് മരണം മൂന്നിരട്ടിയാണെന്ന് ഈ പഠനം വ്യക്തമാക്കുന്നു. ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടനുസരിച്ച് ജൂണോടെ കുറഞ്ഞത് ആറു ലക്ഷം കോവിഡ് മരണമെങ്കിലും ഇന്ത്യയിൽ സംഭവിച്ചു. മരണം 42 ലക്ഷംവരെ ആകാനിടയുണ്ടെന്നും ന്യൂയോർക്ക് ടൈംസ് പറയുന്നു.
കണക്കിൽ മരണം 4 ലക്ഷം
രാജ്യത്ത് കോവിഡ് മരണം ഔദ്യോഗിക കണക്കസരിച്ച് നാലുലക്ഷം കടന്നു. 24 മണിക്കൂറിൽ 853 പേർകൂടി മരിച്ചു. ആകെ കോവിഡ് മരണം 4,00,395. ഇതിൽ പകുതിയും കഴിഞ്ഞ 65 ദിവസത്തിലാണ്. മാർച്ചിൽ രണ്ടാം വ്യാപനം തുടങ്ങിയശേഷം രണ്ടര ലക്ഷത്തോളം പേർ കോവിഡ് ബാധിച്ചു മരിച്ചു. ഇന്ത്യയിൽ ആദ്യ കോവിഡ് മരണം റിപ്പോർട്ടു ചെയ്തത് 2020 മാർച്ച് 13നാണ്. 203 ദിവസത്തിനുശേഷം 2020 ഒക്ടോബർ രണ്ടിന് മരണം ഒരു ലക്ഷം കടന്നു. കഴിഞ്ഞ ഏപ്രിൽ 27ന് രണ്ടു ലക്ഷമെത്തി. പിന്നീട് വെറും 26 ദിവസത്തിൽ മെയ് 23ന് മൂന്നു ലക്ഷവും 39 ദിവസത്തിൽ ജൂലൈ ഒന്നിന് നാലു ലക്ഷവും കടന്നു.
രണ്ടാം വ്യാപനം തീവ്രമായ ഘട്ടത്തിൽ പ്രതിദിന മരണം 4500 വരെയായി ഉയർന്നു. തീവ്രവ്യാപനം കുറഞ്ഞതോടെ നിലവിൽ ആയിരത്തിൽ താഴെയാണ് പ്രതിദിന മരണം. 24 മണിക്കൂറിൽ 46,617 പേർകൂടി രോഗബാധിതരായി. അഞ്ചുദിവസമായി പ്രതിദിന കേസുകൾ അമ്പതിനായിരത്തിൽ താഴെയാണ്. 2.48 ശതമാനമാണ് പ്രതിദിന രോഗസ്ഥിരീകരണ നിരക്ക്. നാലു ലക്ഷത്തിലേറെ കോവിഡ് മരണം റിപ്പോർട്ടു ചെയ്യുന്ന മൂന്നാമത് രാജ്യമാണ് ഇന്ത്യ. കൂടുതൽ മരണം യുഎസിലാണ്–- 6.21 ലക്ഷം. രണ്ടാമത് ബ്രസീൽ–- 5.2 ലക്ഷം.
കേരളത്തിൽ മരണം 7.98 ശതമാനം കുറഞ്ഞു
സംസ്ഥാനത്ത് 3096 കോവിഡ് മരണം റിപ്പോർട്ട് ചെയ്തിട്ടും 2020ൽ മുൻവർഷത്തേക്കാൾ 21,083 മരണം കുറവ്. കോവിഡ്, കോവിഡിതര കാരണങ്ങളാൽ 2020ൽ മരിച്ചത് 2,43,058 പേർ. 2019ൽ 2,64,141 മരണം റിപ്പോർട്ട് ചെയ്ത സ്ഥാനത്താണിത്. അതായത് 7.98 ശതമാനം കുറവ് മരണം. സംസ്ഥാനത്ത് ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്തത് 2020 മാർച്ചിലാണ്. 2021ൽ ഇതുവരെ രജിസ്റ്റർ ചെയ്ത 1,17,139 മരണത്തിൽ 10,263 കോവിഡ് മരണമാണ്. ആകെ മരണങ്ങളുടെ 8.76 ശതമാനമാണിത്. തദ്ദേശവകുപ്പിന്റെ സേവന സിവിൽ രജിസ്ട്രേഷൻ വിഭാഗമാണ് ജനന–-മരണ വിവരങ്ങൾ സൂക്ഷിക്കുന്നത്. തദ്ദേശസ്ഥാപനങ്ങൾ മരണ വിവരങ്ങൾ പ്രത്യേകമായും സൂക്ഷിക്കുന്നു.