കണ്ണൂർ > രാജവെമ്പാലയ്ക്ക് ഭക്ഷണം നൽകുമ്പോൾ നന്നായി കരുതൽ വേണം. ജാഗ്രതയില്ലെങ്കിൽ ജീവാപായം ഉണ്ടാകാൻ സാധ്യതയേറെയെന്ന് പറശ്ശിനിക്കടവ് പാമ്പുവളർത്തൽ കേന്ദ്രത്തിലെ രാജവെമ്പാല പരിചാരകൻ റിയാസ് മാങ്ങാട്. ചേരയെയാണ് രാജവെമ്പാല ഭക്ഷിക്കുക. രണ്ടാഴ്ച കൂടുമ്പോഴാണ് ഇവ ഇരതേടിയിറങ്ങുക. ഈ സമയത്ത് രാജവെമ്പാല കൂടുതൽ അപകടകാരിയാകും.
കൂടിന്റെ വാതിൽ തുറന്ന് ഉള്ളിലേക്ക് കടക്കുമ്പോൾ തന്നെ അടുത്തേക്ക് ഓടിയെത്തും. ഭക്ഷണം നൽകുന്നയാൾക്ക് നേർക്കാണ് ഓടിയടുക്കുക. കൂടുകളിൽ വളർത്തുന്ന രാജവെമ്പാലയ്ക്ക് തീറ്റ നൽകുന്നതും പരിപാലിക്കുന്നതും ഏറെ ശ്രമകരമാണ്. രാജവെമ്പാലയുടെ കടിയേറ്റ് തിരുവനന്തപുരം മൃഗശാലയിലെ ഹർഷാദെന്ന പരിചാരകൻ കഴിഞ്ഞ ദിവസം മരിച്ചിരുന്നു.
പറശ്ശിനിക്കടവ് പാമ്പുവളർത്തു കേന്ദ്രത്തിൽ രണ്ട് രാജവെമ്പാലകളാണ് ഉള്ളത്. മഴക്കാലത്ത് കറുപ്പ് നിറത്തിലാണ് കാണപ്പെടാറുള്ളത്. ഇണചേരുന്ന സമയത്ത് ഒലിവ് പച്ചനിറമാകും. പന്ത്രണ്ട് അടിയുള്ള ഇവയ്ക്കായി ഇണ ചേരുന്നതിനും മുട്ടവിരിയിക്കുന്നതിനും പ്രത്യേകസൗകര്യം ഒരുക്കിയിട്ടുണ്ട്.
ഏപ്രിലോടെയാണ് പരശ്ശി്നിക്കടവിലെ രാജവെമ്പാല ഇണ ചേർന്നത്. മുട്ടയിട്ട് കുഞ്ഞുങ്ങൾ വിരിയാൻ ഇനിയും സമയമെടുക്കും. പ്രത്യേക കൂട്ടിൽ സജ്ജീകരിച്ച ക്യാമറ വഴി പെൺ രാജവെമ്പാലയെ നിരീക്ഷിക്കുന്നുണ്ട്. രണ്ട് വർഷം മുമ്പ് മുട്ടകൾ വിരിഞ്ഞെങ്കിലും കുഞ്ഞുങ്ങൾ ഏറെനാൾ നിലനിന്നില്ല. ഏഴ് വർഷമായി റിയാസാണ് രാജവെമ്പാലയെ പരിചരിക്കുന്നത്. പാമ്പുപിടിത്തത്തിലും റിയാസ് വിദഗ്ധനാണ്. വീടുകളിൽനിന്നും മറ്റും വിഷമുള്ള പാമ്പുകളെ പിടികൂടിയിട്ടുണ്ട്. ദിവസം രണ്ട് രാജവെമ്പാലയെവരെ പിടികൂടിയിട്ടുണ്ട് റിയാസ്.
കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം നിർദേശിക്കുന്ന മൃഗശാലകൾക്കുള്ള മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചാണ് പറശ്ശിനിക്കടവ് പാമ്പുവളർത്ത് കേന്ദ്രം പ്രവർത്തിക്കുന്നതെന്ന് ഡയറക്ടർ പ്രൊഫ. ഇ കുഞ്ഞിരാമൻ പറഞ്ഞു. കുളം ഉൾപ്പെടെ 130ചതുരശ്രമീറ്ററുള്ള കൂടാണ് രാജവെമ്പാലയ്ക്കായി ഒരുക്കിയത്. ദക്ഷിണേന്ത്യയിൽ തന്നെ വലുപ്പമേറിയ കൂടാണ് ഇത്. ഭക്ഷണം നൽകുമ്പോൾ വെറ്ററിനറി സർജനും ക്യൂറേറ്ററും നിർബന്ധമായും കൂടെ ഉണ്ടാകാറുണ്ട്. കൂടാതെ ഭക്ഷണ രജിസ്ട്രിയും സൂക്ഷിക്കുന്നുണ്ട്. സ്നേക്ക് പാർക്ക് വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായി ആർട് ഗാലറി സജ്ജമാക്കും. രാത്രിയിൽ ഇരതേടുന്ന മൃഗങ്ങളെ കാണുന്നതിനും അടുത്തറിയുന്നതിനും പ്രത്യേക സൗകര്യവും ഒരുക്കും. ആംഫി തിയേറ്ററും സജ്ജമാക്കും. കുറുമാത്തൂരിൽ അഞ്ച് ഏക്കറിൽ വന്യജീവികളെ സംരക്ഷിക്കുന്ന കേന്ദ്രവും പ്രവർത്തിക്കുന്നുണ്ട്.