കൊച്ചി: മൃഗങ്ങളോട് കാണിക്കുന്ന ക്രൂരതകൾക്കെതിരേ ഹൈക്കോടതി സ്വമേധയാ ഫയലിൽ സ്വീകരിച്ച പൊതുതാൽപര്യ ഹർജിക്ക് ഇനി ബ്രൂണോയുടെ പേര്. കഴിഞ്ഞ ദിവസം തിരുവനന്തപുരം അടിമലത്തുറയിൽക്രൂരമായി കൊല്ലപ്പെട്ട ബ്രൂണോ എന്ന വളർത്തുനായയുടെ പേര് ഈ കേസിന് നൽകാൻ ഹൈക്കോടതി തീരുമാനിക്കുകയായിരുന്നു.
പൊതുതാൽപര്യ ഹർജിയുടെ പേര് “In Re: Bruno (Suo Moto Public Interest Litigation Proceedings initiated by the High Court in the matter of executive and legislative inaction of the State Government in the matter of Protection of Animal Rights”എന്നാക്കി മാറ്റാൻ രജിസ്ട്രിയോട് നിർദേശിക്കുന്നു. ഇത്തരമൊരു ഹർജിക്ക് ഇടയാക്കിയ സംഭവത്തിൽ, മനുഷ്യന്റെ ക്രൂരതയ്ക്ക് ഇരയായി കൊല്ലപ്പെട്ട ഹതഭാഗ്യനായ നായയുടെ പേര് ഹർജിക്ക് നൽകുന്നത് ഉചിതമായ ആദരവായിരിക്കുമെന്ന് കോടതി കരുതുന്നു, ഉത്തരവിൽ പറയുന്നു. ജസ്റ്റിസുമാരായ എ.കെ. ജയശങ്കരൻ നമ്പ്യാർ, പി. ഗോപിനാഥ് എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ബ്രൂണോയ്ക്കു നേരെയുണ്ടായ ക്രൂരത അടക്കം,മൃഗങ്ങളോട് കാട്ടുന്ന ക്രൂരതകൾ സംബന്ധിച്ച് അടുത്തിടെ ഉണ്ടായ സംഭവങ്ങളിലാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. വ്യാഴാഴ്ച ഹൈക്കോടതി ഇറക്കിയ ഉത്തരവിലാണ് ഈ കേസ് ബ്രൂണോയുടെ പേരിൽ പുനർനാമകരണം ചെയ്യാൻ തീരുമാനിച്ചത്. മൃഗങ്ങളുടെ അവകാശം സംരക്ഷിക്കുന്നതിൽ സംസ്ഥാന സർക്കാരിന്റെ നിഷ്ക്രിയത്വം സംബന്ധിച്ചാണ് ഹർജി. ദീർഘകാലാടിസ്ഥാനത്തിൽ മൃഗങ്ങളുടെ ക്ഷേമം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ്ഹർജിയെന്ന് കോടതി വ്യക്തമാക്കി.
മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമപ്രകാരം, മൃഗങ്ങളുടെ അവകാശങ്ങളും സ്വാതന്ത്ര്യവും ഉറപ്പുവരുത്തുന്നതിന് സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തൊക്കെയെന്ന് വ്യക്തമാക്കണമെന്ന് കോടതി നിർദേശിച്ചു. മൃഗങ്ങൾക്കെതിരായ ക്രൂരതകൾ തുടർച്ചയായി വാർത്തയാകുന്ന സാഹചര്യത്തിൽ, ക്രൂരതകൾ തടയുക മാത്രമല്ല ക്രൂരതയ്ക്ക് ഇരയാകുന്ന മൃഗങ്ങൾക്ക് സഹായകരമായ നടപടികൾ സ്വീകരിക്കുകയും വേണമെന്ന് കോടതി പറഞ്ഞു.
ബ്രൂണോ എന്ന നായയ്ക്കു നേരെ നടന്ന ക്രൂരത സംബന്ധിച്ച കേസിലെ പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിന് പ്രത്യേക ശ്രദ്ധ നൽകണമെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോട് കോടതി ആവശ്യപ്പെട്ടു. ബ്രൂണോയുടെ ഉടമ നൽകിയ പരാതിയിൽ ഇതുവരെ സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തൊക്കെയെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് അടുത്ത തവണ ഹർജി പരിഗണിക്കുന്നതിനു മുൻപായി സമർപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.
കഴിഞ്ഞ ദിവസമാണ്വളർത്തു നായയെ ചൂണ്ടക്കൊളുത്തിൽ തൂക്കി ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ വാർത്ത പുറത്തുവന്നത്.ക്രിസ്തുരാജ് എന്നയാൾ വളർത്തിയ ലാബ്രഡോർ ഇനത്തിൽപ്പെട്ട ബ്രൂണോ എന്ന നായയാണ് ക്രൂരതയ്ക്കിരയായത്. വിഴിഞ്ഞം അടിമലത്തുറയിൽനടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സംഭവത്തിൽ നാട്ടുകാരായ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Content Highlights:In Re Bruno- Kerala High Court renames suo motu case on animal cruelty in the memory of dog killed by men