കൊണ്ടോട്ടി (മലപ്പുറം) > രാമനാട്ടുകര വാഹനാപകടത്തിൽ മരിച്ചവർ ഉൾപ്പെട്ട സ്വർണക്കവർച്ചാ സംഘത്തിലെ അഞ്ച് പേരെക്കൂടി കൊണ്ടോട്ടി പൊലീസ് അറസ്റ്റ്ചെയ്തു. കൊടുവള്ളി നാട്ടുകല്ലിങ്ങൽ മേലേകുണ്ടത്തിൽ റിയാസ് (33), ആവിലോറ പിലാവുള്ളതിൽ വീട്ടിൽ മുഹമ്മദ് ബഷീർ (39), ആവിലോറ ഒയലക്കുന്ന് പുറായിൽ ഹാഫീസ് (28), ആവിലോറ ഫാസിൽ (28), ആവിലോറ പുണ്ടത്തിൽ വീട് ഷംസുദ്ധീൻ (35) എന്നിവരാണ് പിടിയിലായത്.
ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം പതിനാറായി. ക്രിമിനൽ ഗൂഢാലോചന, തട്ടിക്കൊണ്ടുപോകാൻ ശ്രമം എന്നീ വകുപ്പുകൾ ചേർത്താണ് കേസ്.
സംഭവദിവസം കൊടുവള്ളിയിൽനിന്ന് കരിപ്പൂരിലെത്തിയ രണ്ടാം സംഘത്തിൽപ്പെട്ടവരാണ് ഇവർ. റിയാസിന്റെ നേതൃത്വത്തിലാണ് വന്നത്. കഴിഞ്ഞദിവസം അറസ്റ്റിലായ സംഘത്തലവൻ സൂഫിയാനുമായി ഗൾഫിൽനിന്ന് സ്വർണം കടത്താൻ നേരിട്ട് ബന്ധപ്പെടുന്നയാളാണ് റിയാസെന്ന് പൊലീസ് പറഞ്ഞു.