കൊച്ചി: ഗർഭകാലത്തെ അവഗണിച്ച് കോവിഡ് ഡ്യൂട്ടി ചെയ്തിരുന്ന തുറവൂർ താലൂക്ക് ആശുപത്രിയിലെ നഴ്സ് സനിത സത്യദേവിന്റെ ചികിത്സയിൽ ഏകോപനക്കുറവ് ഉണ്ടായതായി പരാതി. ഡ്യൂട്ടിക്കിടയിൽ കോവിഡ് ബാധിതയായ ഇവർക്ക് മതിയായ ചികിത്സ ഒരുക്കുന്നതിൽ ആരോഗ്യവകുപ്പ് വേണ്ടത്ര ശ്രദ്ധപുലർത്തിയില്ലെന്നാണ് ആരോപണം.
തുറവൂർ താലൂക്ക് ആശുപത്രിയിലെ നഴ്സായ സനിത എട്ടുമാസം ഗർഭിണിയായിരുന്നു. എന്നാൽ ഗർഭകാലത്തെ അവഗണിച്ച് നിലവിലെ സാഹചര്യങ്ങളോട് പൊരുത്തപ്പെട്ട് കോവിഡ് രോഗികളെ പരിചരിക്കാൻ രംഗത്തിറങ്ങിയ നഴ്സാണ് സനിത. രോഗീ ശുശ്രൂഷയ്ക്കിടയിൽ ഇവർ കോവിഡ് ബാധിതയായി. തുടർന്ന് ഇവർ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ കോവിഡ് ചികിത്സയ്ക്കായി എത്തി. എന്നാൽ മതിയായ പരിചരണം ആശുപത്രിയിൽ നിന്ന് ലഭിച്ചില്ല. തുടർന്ന് ഇവർ തന്നെ ആവശ്യപ്പെട്ടതിനെ തുടർന്ന് ഇവരെ കളമശ്ശേരി സർക്കാർ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
ആദ്യഘട്ടത്തിൽ ചികിത്സ തേടിയ ആശുപത്രിയിൽ നിന്ന് വേണ്ടത്ര ചികിത്സയോ പരിചരണമോ ലഭിക്കാത്തതിനെ തുടർന്ന് ഇവരുടെ ആരോഗ്യനില ഗുരതരമായിരുന്നു. ശ്വാസകോശത്തിൽ അണുബാധയുണ്ടായി. തുടർന്ന് മെഡിക്കൽ കോളേജിൽ വെച്ച് സിസേറിയൻ ചെയ്ത് കുട്ടിയെ പുറത്തെടുത്തു. കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണ്. എന്നാൽ സനിതയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് എക്മോ സംവിധാനമുളള ആശുപത്രിയിലേക്ക് ഇവരെ മാറ്റണമെന്ന് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടു.
ഇതിനായി സനിതയുടെ വീട്ടുകാർ കൺട്രോൾ റൂമുമായി ബന്ധപ്പെട്ടെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല. തുടർന്ന് ഇവർ ആരോഗ്യമന്ത്രിയെ നേരിട്ട് വിളിച്ചു. ആരോഗ്യമന്ത്രി നേരിട്ട് ഇടപെട്ടതിനെ തുടർന്നാണ് പിന്നീട് ഇവർക്ക് സ്വകാര്യ ആശുപത്രിയിൽ വിദഗ്ധ ചികിത്സ ലഭിക്കുന്നത്. സനിതയുടെ ആരോഗ്യനില ഇപ്പോഴും മെച്ചപ്പെട്ടിട്ടില്ല. കഴിഞ്ഞ ദിവസം രാത്രിയാണ് സനിതയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുളളത്.
ഗർഭകാലത്തെ അവഗണിച്ച് കോവിഡ് 19 നെതിരായ പോരാട്ടത്തിൽ മുന്നിൽ നിന്ന് പോരാടിയ ആരോഗ്യപ്രവർത്തകയ്ക്ക് ആവശ്യമായ സൗകര്യം ഒരുക്കുന്നതിൽ ആരോഗ്യരംഗത്തുണ്ടായ പാളിച്ചയാണ് സ്ഥിതിഗതികൾ വഷളാക്കുന്നതിലേക്ക് നയിച്ചതെന്നാണ് ആരോപണം.