കോടഞ്ചേരി: ചൂരമുണ്ടയിൽ ഇന്നലെ കാണാതായ യുവാവിന്റെ മൃതദേഹം കരയ്ക്ക് എത്തിക്കുന്നതിനിടെ വെള്ളത്തിൽ കുഴഞ്ഞു വീണയാൾ മരിച്ചു. പുലിക്കയം സ്വദേശി ജയപ്രകാശ്(55)ആണ് മരിച്ചത്. കഴിഞ്ഞദിവസം ഒഴുക്കിൽ പെട്ട് കാണാതായ കിണാശ്ശേരി സ്വദേശി അൻസാറിന്റെ മൃതദേഹം കരയ്ക്ക് എത്തിക്കുന്നതിനിടെയാണ് ജയപ്രകാശ് കുഴഞ്ഞുവീണത്. ഭാര്യ: ഇന്ദിര,മക്കൾ: ലീന, അഞ്ജന.
കഴിഞ്ഞദിവസമാണ് കോടഞ്ചേരി ചാലിപ്പുഴയിൽ മലവെള്ളപ്പാച്ചിലിൽ ഒഴുക്കിൽപെട്ട് യുവതി മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്തത്. പെരുമണ്ണ പുതിയോട്ടിൽ ഇർഷാദിന്റെ ഭാര്യ ആയിഷ നിഷില(21) ആണ് മരിച്ചത്. കിണാശ്ശേരി സ്വദേശി അൻസാർ മുഹമ്മദിനെ കാണാതാവുകയും ചെയ്തിരുന്നു. ഇയാളെ രക്ഷിക്കുന്നതിനിടെയാണ് ജയപ്രകാശ് കുഴഞ്ഞുവീണത്.
വയനാട് കമ്പളക്കാട് നിന്ന് വരുന്നവഴി പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു സംഘം. വ്യാഴാഴ്ച വൈകീട്ട് മൂന്നുമണിയോടെ രണ്ട് ബൈക്കുകളിലായാണ് ഇവർ ചൂരമുണ്ട ചാലിപ്പുഴയിലെ പുളിഞ്ചോട്ടിൽ കയത്തിലെത്തിയത്. ശാന്തമായി ഒഴുകുന്ന ചാലിപ്പുഴയിലെ ഉയർന്നുനിൽക്കുന്ന പാറക്കെട്ടുകളിൽ സംഘം ഇരിക്കുന്നത് കണ്ടതായി നാട്ടുകാർ പറഞ്ഞു. പിന്നീട് സംഘം കുളിച്ചുകൊണ്ടിരിക്കേ ശക്തമായെത്തിയ മലവെള്ളത്തിൽ നാലുപേരും ഒഴുക്കിൽപ്പെടുകയായിരുന്നു. നീന്തി രക്ഷപ്പെട്ടവർ സമീപത്തെ വീട്ടിൽ വിവരമറിയിച്ചതിനെത്തുടർന്ന് നാട്ടുകാർ രക്ഷാപ്രവർത്തനം ആരംഭിച്ചത്.