തിരുവനന്തപുരം: മഴയിൽ ഒരേ കുടക്കീഴിൽ നടന്ന പ്രണയിനികൾ.. ഇരുവരുടേയും ഫോട്ടോ അച്ചടിച്ചു വന്ന ദിനപത്രം..അഞ്ച് വർഷത്തിനിപ്പുറം ഫോട്ടോയുടെ കഥ പങ്കുവെച്ച ഐഎഎസ് ഉദ്യോഗസ്ഥ.. ചാന്ദ്നി ചന്ദ്രൻ എന്ന ഐഎഎസ് ഉദ്യോഗസ്ഥ പങ്കുവെച്ച അനുഭവകഥ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
സിവിൽ സർവീസ് പരീക്ഷയുടെ ഫലം കാത്തിരിക്കുന്നതിനിടെ സമ്മർദമകറ്റാനായി സുഹൃത്തിനൊപ്പം നടക്കാനിറങ്ങിയ ചാന്ദ്നി ചന്ദ്രന്റേയും അരുണിന്റേയും ചിത്രം അവിചാരിതമായാണ് ടൈംസ് ഓഫ് ഇന്ത്യ ഫോട്ടോഗ്രാഫറായ രാകേഷ് നായരുടെ ക്യാമറക്കണ്ണുകൾ ഒപ്പിയെടുത്തത്. അടുത്ത ദിവസത്തെ പത്രത്തിൽ മഴയുടെ വാർത്തയ്ക്കൊപ്പം ചിത്രവും അച്ചടിച്ചുവന്നു. എന്നാൽ ഫോട്ടോ അനുവാദമില്ലാതെ പത്രത്തിൽ പ്രസിദ്ധീകരിച്ചതിനെതിരെ അരുൺ എഡിറ്റർക്ക് പരാതി നൽകി. ഇത് പഴയ കഥ.. അഞ്ച് വർഷങ്ങൾക്കിപ്പുറം ചാന്ദ്നിയും അരുണും വിവാഹിതരായി. അന്ന് എടുത്ത ചിത്രത്തെക്കുറിച്ചുള്ള അന്വേഷണം ചിത്രം പകർത്തിയ ഫോട്ടോഗ്രാഫറിലേക്കെത്തി. രാകേഷ് നായർ എന്ന ഫോട്ടോഗ്രാഫർ അയച്ചുകൊടുത്തതു പ്രകാരം ഒറിജിനൽ ചിത്രത്തിനൊപ്പം മനോഹരമായ ആ കഥയും ചാന്ദ്നി ട്വിറ്ററിൽ പങ്കുവെച്ചു. അത് വൈറലായി.. ഇത് പുതിയ കഥ..
ചിത്രം പകർത്തിയ ഫോട്ടോഗ്രാഫറും ചിത്രത്തിലുള്ള ദമ്പതികളും മലയാളികളാണ്. ചിത്രം പകർത്തിയ സ്ഥലം നമ്മുടെ തിരുവനന്തപുരവും.വൈറലായ, ഏറെ കഥകളുള്ള ആ ചിത്രത്തെക്കുറിച്ച് ടൈംസ് ഓഫ് ഇന്ത്യയിലെ ഫോട്ടോഗ്രാഫറായിരുന്ന രാകേഷ് നായർ പറയുന്നു..
2016 മെയ് പത്തിനാണ് തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപത്ത് വെച്ച് ആ ചിത്രം പകർത്തുന്നത്. മഴയുടെ ചിത്രം വേണമെന്ന് നിർദേശമുണ്ടായിരുന്നു. നല്ല ഫ്രെയിം നോക്കി കറങ്ങുന്നതിനിടെയാണ് കോട്ടഭാഗത്ത് വെച്ച് ഇവരെ കാണുന്നത്. നല്ല ഫ്രെയിം ആയതുകൊണ്ട് അപ്പോൾ തന്നെ ഫോട്ടോ എടുത്തു. അവർക്ക് കാണാൻ പറ്റുന്ന ദൂരത്തുതന്നെയായിരുന്നു ഞാൻ ഉണ്ടായിരുന്നത്. അവരെന്നെ കണ്ടിട്ടുണ്ടാവും എന്നുതന്നെയാണ് കരുതിയത്. അവർ എതിർപ്പൊന്നും പറഞ്ഞിട്ടുമില്ല. സാധാരണപോലെ ചിത്രം ഓഫീസിൽ ഫയൽ ചെയ്തു. അടുത്ത ദിവസത്തെ പത്രത്തിൽ അത് പ്രസിദ്ധീകരിച്ചുവന്നു. പൊതുസ്ഥലമായതിനാൽ ഫോട്ടോ എടുക്കുമ്പോൾ എല്ലാവരോടും അനുവാദം വാങ്ങേണ്ട കാര്യമില്ലല്ലോ.
അടുത്ത ദിവസം ബ്യൂറോയിൽ നിന്ന് ചീഫ് വിളിച്ചുപറഞ്ഞു, അനുവാദമില്ലാതെ ചിത്രം പകർത്തിയെന്ന പരാതി കിട്ടിയിട്ടുണ്ടെന്ന്. പക്ഷെ, ചിത്രമെടുക്കുമ്പോൾ അവർ എതിർപ്പ് പറഞ്ഞില്ലെന്ന് ഞാൻ മറുപടി പറഞ്ഞപ്പോൾ പിന്നീട് അതിൽ സംസാരമൊന്നും ഉണ്ടായില്ല.
അടുത്തിടെയാണ് ഈ ഫോട്ടോ അന്വേഷിച്ച് അരുൺ വിളിച്ചത്. ഫോട്ടോയിലുണ്ടായിരുന്ന ആളാണ് വിളിക്കുന്നതെന്നും ഒറിജിനൽ ഫോട്ടോ അയക്കാമോ എന്നും ചോദിച്ചു. പരാതി വന്ന ഫോട്ടോ ആയതിനാലും എടുത്ത ഫോട്ടോയെല്ലാം സൂക്ഷിച്ചിവെച്ചിരുന്നതിനാൽ തപ്പിയെടുക്കാൻ ബുദ്ധിമുട്ടുണ്ടായില്ല. ആ ഫോട്ടോ ചാന്ദ്നി ട്വിറ്ററിൽ പോസ്റ്റ് ചെയ്തപ്പോഴാണ് ഫോട്ടോയ്ക്ക് പിന്നിലുള്ള കഥ അറിഞ്ഞത്. അവരുമായി സംസാരിച്ചു, ഫോട്ടോ എടുത്തത് അറിഞ്ഞിരുന്നുവെന്നാണ് കരുതിയതെന്നും അരുണിനോട് പറഞ്ഞു. അങ്ങനെ കുറേ കാലമായി മനസ്സിലുണ്ടായിരുന്ന വിഷമം പറഞ്ഞുതീർത്തു.
രാകേഷ് നായർ അഞ്ച് വർഷം മുൻപ് പകർത്തിയ ചിത്രം
പത്രത്തിൽ അച്ചടിച്ചുവന്നപ്പോൾ
സിംഗപ്പുരിൽ പഠിക്കുന്നതിനിടെ അവധിക്കായി എത്തിയ അരുണും സിവിൽ സർവീസ് പരിശീലനം നേടുന്ന ചാന്ദ്നിയും കുതിരമാളികയിൽ പോയി വരുന്നതിനിടെയാണ് രാകേഷ് ഫോട്ടോ പകർത്തിയത്.
തിരുവനന്തപുരം സ്വദേശിയായ അരുൺ സുദർശൻ ഇപ്പോൾ ഇക്കണോമിസ്റ്റ് ആന്റ് റിസേർച്ച് അനലിസ്റ്റ് ആയി ജോലി ചെയ്യുന്നത്. 2017 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥയും കൊച്ചി സ്വദേശിയുമായ ചാന്ദ്നി ഇപ്പോൾ ത്രിപുരയിലെ കാഞ്ചൻപുരിൽ സബ് ഡിവിഷണൽ മജിസ്ട്രേറ്റായി സേവനമനുഷ്ടിക്കുകയാണ്.
ഒറ്റപ്പാലം സ്വദേശിയാണ് ടൈംസ് ഓഫ് ഇന്ത്യയിലെ ഫോട്ടോഗ്രാഫറായിരുന്ന രാകേഷ് നായർ. ജനിച്ചതും വളർന്നതുമെല്ലാം ഗുജറാത്തിലാണ്. ടൈംസ് ഓഫ് ഇന്ത്യയിൽ നിന്ന് റോയിട്ടേഴ്സിലേക്ക് മാറാനൊരുങ്ങുന്നതിനിടെയാണ് അഞ്ച് വർഷം മുൻപ് താനെടുത്ത ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായത്. ഒരു സാധാരണ മഴചിത്രത്തിന് പിന്നിൽ ഇത്രയും അധികം കഥകളുണ്ടെന്ന് അറിഞ്ഞതിൽ അമ്പരപ്പും അതിലേറെ സന്തോഷവുണ്ടെന്ന് രാകേഷ് പറഞ്ഞു.
സിവിൽ സർവീസ് പരീക്ഷാഫലം കാത്തിരിക്കുന്നതിനിടെയാണ് ചാന്ദ്നിയുടേയും അരുണിന്റേയും ചിത്രം പത്രത്തിൽ പ്രസിദ്ധീകരിച്ചുവന്നത്. ആ വർഷം സിവിൽ സർവീസ് ലഭിച്ചില്ലെങ്കിലും പത്രത്തിൽ ഫോട്ടോ വന്നുവെന്നായിരുന്നു ചാന്ദ്നി ഈ കഥ പങ്കുവെച്ചുകൊണ്ട് ട്വിറ്ററിൽ കുറിച്ചത്. വിവാഹിതാരാവാത്ത തങ്ങളുടെ ചിത്രം ഇത്രയും പരസ്യമായത് ഇരുവരുടേയും വീടുകളിൽ അസുഖകരമായ സംഭാഷണങ്ങൾക്ക് ഇടവരുത്തിയെന്നും ചാന്ദ്നി കുറിച്ചിരുന്നു.