ന്യൂഡൽഹി> പാർലമെന്റിന്റെ വർഷകാല സമ്മേളനം ഈ മാസം 19 ന് തുടങ്ങാനിരിക്കെ കേന്ദ്ര മന്ത്രിസഭയിൽ വിപുലമായ അഴിച്ചുപണി ഉടനുണ്ടാകുമെന്ന് സൂചന. അസം മുഖ്യമന്ത്രിയായിരുന്നു സർബാനന്ദ സൊനാവൽ, ബീഹാർ ഉപമുഖ്യമന്ത്രിയായിരുന്ന സുശീൽകുമാർ മോഡി, കോൺഗ്രസ് വിട്ടുവന്ന ജ്യോതിരാധിത്യ സിന്ധ്യ, മുൻ ശിവസേനാ നേതാവും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായിരുന്ന നാരായൺ റാണെ, മുതിർന്ന ബിജെപി നേതാക്കളായ ഭൂപേന്ദർ യാദവ്, കൈലാഷ് വിജയ്വർഗിയ തുടങ്ങിയ പ്രമുഖർ പരിഗണിക്കപ്പെടും.
അഴിച്ചുപണിയിലൂടെ 25 ലേറെ പേരെ മന്ത്രിസഭയിൽ പുതുതായി ഉൾപ്പെടും. പ്രകടനം മോശമെന്ന് പ്രധാനമന്ത്രിക്ക് വിലയിരുത്തലുള്ള പലരും തെറിക്കും. കേരളത്തിലെ ദയനീയ തോൽവിയോടെ മന്ത്രി വി മുരളീധരന്റെ നിലനിൽപ്പ് ഭീഷണിയിലാണ്. തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന യുപിയിൽ നിന്നും കൂടുതൽ നേതാക്കൾ മന്ത്രിസഭയിൽ എത്തും. ബിജെപി യുപി അധ്യക്ഷൻ സ്വതന്ത്രദേവ് സിങ്, വരുൺ ഗാന്ധി, ഘടകകക്ഷി നേതാവായ അനുപ്രിയ പട്ടേൽ എന്നീ പേരുകൾ ഉയർന്നു കേൾക്കുന്നുണ്ട്. മഹാരാഷ്ട്രയിൽ നിന്ന് അന്തരിച്ച നേതാവ് ഗോപിനാഥ് മുണ്ടെയുടെ മകൾ പ്രീതം മുണ്ടെ, ഡൽഹിയിൽ നിന്ന് മീനാക്ഷി ലെഖി, ഗുജറാത്തിൽ നിന്ന് കിരിത്ത് സോളങ്കി ഒഡീഷയിൽ നിന്ന് ബൈജയന്ത് പാണ്ഡെ ബംഗാളിൽ നിന്ന് മുൻ റെയിൽ മന്ത്രി ദിനേഷ് ത്രിവേദി എന്നിവർ പരിഗണിക്കപ്പെടുന്നുണ്ട്. രാജ്യസഭാംഗങ്ങളായ അനിൽ ജെയിൻ, രാജീവ് ചന്ദ്രശേഖർ എന്നിവരും സാധ്യതാപട്ടികയിലുണ്ട്.
ചിരാഗ് പസ്വാനെതിരെ കലാപകൊടി ഉയർത്തിയ എൽജെപിയുടെ പശുപതികുമാർ പരസ്, ജെഡിയുവിൽ നിന്ന് ആർ സി പി സിങ്, സന്തോഷ് കുമാർ എന്നിവർ പരിഗണിക്കപ്പെടാം. കേന്ദ്ര മന്ത്രിമാരായിരുന്ന രാംവിലാസ് പസ്വാൻ, സുരേഷ് അംഗഡി എന്നിവരും മരിച്ചതിനെ തുടർന്നുള്ള ഒഴിവും ഘടകകക്ഷികളായിരുന്ന അകാലിദളും ശിവസേനയും മുന്നണി വിട്ടതിനെ തുടർന്നുള്ള ഒഴിവുകളും നിലവിലുണ്ട്. പീയുഷ് ഗോയൽ, നരേന്ദ്ര സിങ് തോമർ തുടങ്ങിയ മന്ത്രിമാർ നിലവിൽ ഒന്നിലേറെ പ്രധാന വകുപ്പുകൾ കൈകാര്യം ചെയ്യുന്ന സാഹചര്യമാണുള്ളത്. 2019 ൽ രണ്ടാം മോഡി സർക്കാർ അധികാരത്തിൽ വന്ന ശേഷമുള്ള ആദ്യ അഴിച്ചുപണിയാകും നടക്കുക.