തിരുവനന്തപുരം
സംസ്ഥാനത്ത് പരമാവധി നിക്ഷേപം കൊണ്ടുവരലാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. കേരള പത്രപ്രവർത്തക യൂണിയൻ സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്തരവാദിത്ത നിക്ഷേപം എന്നാണ് കാണുന്നത്. വൻകിട പദ്ധതികൾക്ക് കൃത്യമായ മേൽനോട്ടം ഉണ്ടാകും. ആമ്പല്ലൂർ ഇലക്ട്രോണിക്സ് പാർക്ക് മൂന്നുവർഷത്തിനുള്ളിൽ യാഥാർഥ്യമാക്കും. ജില്ലാ വ്യവസായകേന്ദ്രം, കെഎസ്ഐഡിസി, റിയാബ് എന്നിവ പുനഃസംഘടിപ്പിക്കും.
കിറ്റെക്സിന്റേത് ഒറ്റപ്പെട്ട വിഷയമാണ്. അവർ ഉന്നയിച്ച പ്രശ്നം പരിഹരിക്കും. പരാതിയുണ്ടെങ്കിൽ അറിയിക്കാൻ സംവിധാനമുണ്ട്. അതിനു പകരം നാടിനെക്കുറിച്ച് തെറ്റായ പ്രതിച്ഛായ സൃഷ്ടിക്കുന്നത് നല്ലതല്ല. സംരംഭകരെ കൈനീട്ടി സ്വീകരിക്കുക എന്നതാണ് സർക്കാർ നയം. നിക്ഷേപക സൗഹൃദത്തിൽ രാജ്യത്തെ ആദ്യ 10 സ്ഥാനത്ത് കേരളത്തെ എത്തിക്കും. മൈനിങ് ആൻഡ് ജിയോളജിവകുപ്പിന്റെ പ്രവർത്തനം ഒക്ടോബറോടെ പൂർണമായി ഓൺലൈനാക്കും.
വ്യവസായ പാർക്കുകൾ, കിൻഫ്ര, കെഎസ്ഐഡിസി എന്നിവയുടെ ഭൂമി സംബന്ധിച്ച് റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്. വ്യവസായം ആരംഭിക്കുന്നതിന് പരാതി പരിഹാര സംവിധാനം വരും. നിശ്ചിത ദിവസത്തിനുള്ളിൽ തീർപ്പുണ്ടാക്കും. ഫാർമസ്യൂട്ടിക്കൽ, മെഡിക്കൽ ഉപകരണ വ്യവസായമേഖലയ്ക്ക് പ്രാധാന്യം നൽകും. ഇതിനായി കെഎസ്ഡിപിയെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഫയലുകൾ തീരുമാനമാകാതെ വൈകുകയോ കെട്ടിക്കിടക്കുകയോ ചെയ്യുന്ന സാഹചര്യം പൂർണമായി ഒഴിവാക്കണമെന്ന് വ്യവസായ മന്ത്രി പി രാജീവ്. ഫയൽ നീക്കവും അതിന്മേലുള്ള തീരുമാനവും സമയബന്ധിതമായി പൂർത്തിയാക്കണമെന്നും വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ മന്ത്രി നിർദേശിച്ചു.
തീർപ്പാകാത്ത ഫയലുകൾ തിട്ടപ്പെടുത്തും. കേസിൽ ഉൾപ്പെട്ടവ ഒഴികെയുള്ള ഫയലിൽ രണ്ടാഴ്ചയ്ക്കുള്ളിൽ തീർപ്പുണ്ടാക്കും. ലോക്ഡൗൺ നിയന്ത്രണത്തിന്റെ ഭാഗമായ കാലതാമസവും പരിഹരിക്കും. ഫയൽ നീക്കത്തിന്റെ പുരോഗതി യഥാസമയം വിലയിരുത്തും. നയപരമായ തീരുമാനം വേണ്ടാത്ത ഫയൽ വേഗത്തിൽ തീർപ്പാക്കാൻ സംവിധാനമൊരുക്കും. പദ്ധതി നിർവഹണം സമയബന്ധിതമായി പൂർത്തിയാക്കും. വിവിധ പദ്ധതിക്ക് ഭരണാനുമതി നൽകാനും തുകവിനിയോഗം ഉറപ്പുവരുത്താനും കലണ്ടർ തയ്യാറാക്കും. നിയമസഭാ സമിതികൾക്കുള്ള റിപ്പോർട്ടുകളും ചോദ്യങ്ങൾക്കുള്ള മറുപടികളും യഥാസമയം നൽകണമെന്നും മന്ത്രി നിർദേശിച്ചു. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിമാരായ കെ ഇളങ്കോവൻ, എ പി എം മുഹമ്മദ് ഹനീഷ് എന്നിവരും പങ്കെടുത്തു.