മന്ത്രി പറയുന്നത് ഇങ്ങനെ, “എന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് എന്ന് തോന്നുന്ന വിധത്തിൽ വ്യാജ പേജ് ഉണ്ടാക്കി ജൂലായ് 7-ാം തീയതി തുടങ്ങാനിരുന്ന പോളിടെക്നിക് പരീക്ഷകൾ മാറ്റിവച്ചു എന്ന് പ്രചാരണം നടത്തുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത് വസ്തുതാപരമായ വാർത്തയായി ആരും കരുതേണ്ടതില്ല.”
“നിലവിലുള്ള സൈബർ നിയമങ്ങളനുസരിച്ച് ശിക്ഷാർഹമായ കുറ്റകൃത്യമാണ് ചെയ്തിരിക്കുന്നതെന്ന് ഇത് ചെയ്തവർ ഓർക്കണം. തികഞ്ഞ ഉത്തരവാദിത്തത്തോടെ മാത്രം ഉപയോഗിക്കേണ്ട സാമൂഹ്യ മാധ്യമങ്ങളെ ഇങ്ങനെ ദുരുപയോഗം ചെയ്യുന്നതും, മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുവാനുള്ള ഇടമാക്കുന്നതും ഒഴിവാക്കാൻ ശ്രദ്ധിക്കണം.”
“ഈ സമയം നന്നായി പഠിച്ച് സർക്കാർ നിർദ്ദേശിക്കുന്ന എല്ലാ മുൻകരുതലും എടുത്ത് പരീക്ഷ എഴുതുന്നതിനും, ഭാവി സുരക്ഷിതമാക്കുന്നതിനും പ്രിയപ്പെട്ട വിദ്യാർത്ഥി സുഹൃത്തുക്കൾ ശ്രദ്ധിക്കുമല്ലോ.” മന്ത്രി വ്യക്തമാക്കി.