കൊച്ചി > പോക്സോ കേസിൽ പ്രതിയുടെ മുൻകൂർ ജാമ്യത്തിനായി ഹാജരായ മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടനുവേണ്ടി വെല്ലുവിളി നടത്തി വെട്ടിലായി യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. കഴിഞ്ഞ ദിവസം ന്യൂസ് 18 ചാനലിൽ നടത്തിയ ചർച്ചയിലാണ് രാഹുൽ ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി എം ഷാജറിനോട് വെല്ലുവിളി നടത്തിയത്.
പോക്സോ കേസിൽ മാത്യു കുഴൽനാടൻ പ്രതിക്കുവേണ്ടി ഹാജരായി എന്നത് തെളിയിച്ചാൽ അദ്ദേഹം എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെടും എന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന്റെ വെല്ലുവിളി. വെല്ലുവിളി ഏറ്റെടുത്ത് അന്നുതന്നെ ഷാജർ ഏഷ്യാനെറ്റ് ന്യൂസ് ചർച്ചയിൽ രാഹുലിന് മാത്യു കുഴൽനാടൻ ഹാജരായ രേഖകൾ സഹിതം കാണിച്ചുകൊടുക്കുകയായിരുന്നു. ഈ രേഖകൾ ഫെയ്സ്ബുക്കിലും പങ്കുവച്ചു. ഇതോടെ വെല്ലുവിളിച്ച രാഹുലിന് മറുപടിയില്ലാതായി. ചാനലിൽ ആയതുകൊണ്ട് നിഷേധിക്കാനും കഴിയാത്ത അവസ്ഥയുമായി. രാജിക്കായി ഇനി രാഹുൽ പ്രസ്താവന ഇറക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഷാജർ ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു. മാത്യു കുഴൽനാടൻ രാജിവയ്ക്കാൻ ഇനി യൂത്ത് കോൺഗ്രസ് ആവശ്യപ്പെടുമോ എന്നാണ് സമൂഹമാധ്യമങ്ങളിൽ ഇയരുന്ന ചോദ്യം.
പോത്താനിക്കാട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് രണ്ടാം പ്രതിയും യൂത്ത് കോൺഗ്രസ് നേതാവുമായ ഷാൻ മുഹമ്മദിന്റെ മുൻകൂർ ജാമ്യാപേക്ഷയ്ക്ക് വേണ്ടി മാത്യു കുഴൽനാടൻ എംഎൽഎ കോടതിയിൽ ഹാജരായത്. എന്നാൽ ഇക്കാര്യം അംഗീകരിക്കാൻ രാഹുൽ മാങ്കൂട്ടത്തിൽ തയ്യാറായില്ല. അത് തെളിയിച്ചാൽ എംഎൽഎയുടെ രാജി ആവ്യപ്പെട്ടുള്ള യൂത്ത് കോൺഗ്രസിന്റെ പേരിലുള്ള പ്രസ്താവന സ്വന്തം കയ്യൊപ്പോടെ ഷാജറിന് അയച്ചുനൽകും എന്നായിരുന്നു പറഞ്ഞത്. ഷാജർ തന്നെ പത്രങ്ങൾക്ക് കൊടുത്താൽമതി എന്നും പറഞ്ഞിരുന്നു.
ഷാനിനെ അനുകൂലിച്ചുള്ള മാത്യു കുഴൽനാടന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
ജൂൺ 15ന് എറണാകുളം പ്രിൻസിപ്പൾ സെഷൻസ് കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യ അപേക്ഷയുടെ കോപ്പി സഹിതമാണ് ഷാജർ മറുപടി നൽകിയത്. സെഷൻസ് കോടതിയിൽ കേസ് നിൽക്കില്ലെന്ന് ബോധ്യപ്പെട്ടതിനാൽ പിൻവലിച്ച് പിന്നീട് പോക്സോ സ്പെഷ്യൽ കോടതിയിൽ നൽകി. പിന്നീട് ഡിവൈഎഫ്ഐയുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് കേസ്സ് മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ആയിരുന്ന ആസിഫലിയെ ഏൽപിച്ച് മാത്യു കുഴൽ നാടൻ തടിതപ്പുകയായിരുന്നു. കേസിൽ ഷാന് മുഹമ്മദിന്റെ മുന്കൂര് ജാമ്യാപേക്ഷ പോക്സോ കോടതി തള്ളി. കേസിലെ രണ്ടാം പ്രതിയായ ഷാന് ഒരു മാസമായി ഒളിവിലാണ്.
എംഎൽഎ സ്ഥാനത്തിന് തന്നെ അപമാനമായി മാറിയ കുഴൽനാടൻ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭമാണ് ഡിവൈഎഫ്ഐ സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നത്. കുഴൽനാടനെതിരെ നിയമസഭാ സ്പീക്കർക്ക് പരാതി നൽകുമെന്ന് സംസ്ഥാന സെക്രട്ടറി എ എ റഹീം രാവിലെ മാധ്യമങ്ങളോട് വ്യക്തമാക്കി.
മാത്യു കുഴൽനാടനാണ് പ്രതിക്ക് വേണ്ടി ആദ്യം എറണാകുളം സെഷൻസ് കോടതിയെ സമീപിച്ചത്. എന്നാൽ പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെതിരെയുള്ള ഇത്തരം കേസുകൾ പരിഗണിക്കുന്നത് ഈ കോടതിയല്ല പോക്സോ കോടതിയാണ് എന്ന് നിരീക്ഷണം നടത്തി കേസ് അവിടെ നിന്ന് പിൻവലിക്കാൻ കോടതി നിർദേശിച്ചു. തുടർന്ന് പോക്സോ കോടതിയിൽ പുതിയതായി കേസ് ഫയൽ ചെയ്തു.
പിടികിട്ടാപ്പുള്ളിക്ക് മുൻകൂർ ജാമ്യത്തിന് അർഹതയില്ല എന്നായിരുന്നു പ്രോസിക്യൂഷൻ വാദം. ഒളിവിൽ കഴിയുന്ന പ്രതിക്ക് എല്ലാവിധ സഹായങ്ങളും ചെയ്തു കൊടുക്കുന്നത് മൂവാറ്റുപുഴ എംഎൽഎയാണ് എന്നാണ് പൊതുവെയുളള ആരോപണം. ഫെയ്സ്ബുക്കിലടക്കം പ്രതിയെ അനുകൂലിച്ചുകൊണ്ട് നിരന്തരം എംഎൽഎ പോസ്റ്റ് ഇടുന്നത് ഈ സംശയം ബലപ്പെടുത്തുന്നതാണ്.