മുംബൈ: മുന്‍ അന്താരാഷ്ട്ര ഫുട്ബോള്‍ താരം എം പ്രസന്നന്‍ മുംബൈയില്‍ അന്തരിച്ചു. 73വയസായിരുന്നു. 1970 കളിലെ പ്രതിഭാധനനായ അദ്ദേഹം ഇന്ദര്‍ സിങ്, ദൊരൈസ്വാമി നടരാജ് തുടങ്ങിയവര്‍ക്കൊപ്പം കളിച്ചു. സന്തോഷ് ട്രോഫി ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളം, മഹാരാഷ്ട്ര, ഗോവ എന്നിവയ്ക്കായി കളിച്ചു.
1970 ല്‍ ഡെംപോ ഗോവ ടീമിലെത്തിയ പ്രസന്നന്‍ ക്രിയേറ്റീവ് മിഡ്ഫീല്‍ഡര്‍ എന്ന നിലയില്‍ സ്വന്തം പേര് എഴുതിച്ചേര്‍ത്തു. ഡെംപോയുടെ വെബ്സൈറ്റിലെ പ്ലെയര്‍ പ്രൊഫൈല്‍ വിഭാഗം പ്രസന്നനെ പ്രശംസ കൊണ്ട് മൂടുകയാണ്. ”കേരളത്തില്‍നിന്ന് ഗോവയിലെത്തിയ സെന്‍ട്രല്‍ മിഡ്ഫീല്‍ഡര്‍ അതിശയകരമായ പന്തടക്കവും വളരെധികം കൗശലവുമുഉള്ള കളിക്കാരനായിരുന്നു. കളിയുടെ ഗതി നിയന്ത്രിക്കാന്‍ കഴിവുണ്ടായിരുന്ന അദ്ദേഹം മികച്ച പ്രതിരോധത്തിനൊപ്പം കുറ്റമറ്റ പാസിങ്ങിലൂടെയും അമ്പരപ്പിച്ചു,” അത് പറയുന്നു.
1970 കളുടെ തുടക്കത്തില്‍, പ്രസന്നന്‍ ഡെംപോയില്‍നിന്ന് മുംബൈ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ ടീമിലെത്തി. കൊല്‍ക്കത്ത ക്ലബ്ബുകളായ മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍ എന്നിവയില്‍നിന്ന് ഓഫര്‍ ലഭിച്ചിട്ടും ബൂട്ടഴിക്കുന്നതു വരെ അദ്ദേഹം മുംബൈ ടീമില്‍ തുടര്‍ന്നു. സിബിഐടീമില്‍ കളിച്ച പ്രസന്നന്‍ ഹാര്‍വുഡ് ലീഗ് കിരീടം നേടി. പലതവണ റോവേഴ്സ് കപ്പിലും കളിച്ചു.
കോഴിക്കോട്ട് ജനിച്ച പ്രസന്നന്‍ കോഴിക്കോട് സെന്റ് ജോസഫ്‌സ് സ്‌കൂളില്‍നിന്നാണ് ഫുട്‌ബോള്‍ യാത്ര ആരംഭിച്ചത്. 1965 ല്‍ സംസ്ഥാന ജൂനിയര്‍ ടീമിലും മൂന്ന് വര്‍ഷത്തിന് ശേഷം സീനിയര്‍ ടീമിലും ഇടം നേടി. കേരളത്തില്‍ എക്‌സലന്റ് എസ്സി, യങ് ജെംസ്, യങ് ചലഞ്ചേഴ്സ് ക്ലബ്ബുകള്‍ക്കായും കളിച്ചു.
ആശയാണു ഭാര്യ. മക്കള്‍: ഷനോദ്, സൂരജ്.
The post മുന്‍ ഇന്ത്യൻ ഫുട്‌ബോള്‍ താരം എം പ്രസന്നന്‍ അന്തരിച്ചു appeared first on Indian Express Malayalam.