കോഴിക്കോട്: നഗരത്തിൽ സമാന്തര ടെലഫോൺ എക്സ്ചേഞ്ച് പ്രവർത്തിക്കുന്നതായി ഐബിയുടെ പരിശോധനയിൽ കണ്ടെത്തി. നഗരത്തിന്റെ നാല് കേന്ദ്രങ്ങളിലാണ് എക്സ്ചേഞ്ചുകൾ പ്രവർത്തിച്ചത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവിടെ റെയ്ഡ് നടത്തുകയും ഒരാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.
ഐബിയുടെ നേതൃത്വത്തിൽ രാവിലെ മുതലാണ് പരിശോധന തുടങ്ങിയത്. ചിന്താവളപ്പ്, എലത്തൂർ, നല്ലളം, വെള്ളിമാട്കുന്ന് എന്നിവിടങ്ങളിലാണ് പരിശോധന. കസ്റ്റഡിയിലുള്ളയാളുടെ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ടെലികോം മന്ത്രാലയത്തെ അറിയിക്കാതെ വിദേശകോളുകളടക്കം ആളുകളിൽ എത്തിച്ചുവെന്നാണ് വിവരം.
സംഭവത്തിന് പിന്നിൽ കുഴൽപ്പണ ഇടപാടും മറ്റും ഐബി പരിശോധിച്ച് വരികയാണ്. കെട്ടിടങ്ങളിൽ ടെലികോം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും അടുത്ത ദിവസങ്ങളിൽ പരിശോധന നടത്തും. അധികം ബഹളം ഇല്ലാത്ത പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് മുറികൾ വാടകക്കെടുത്തത്. ഇവരുടെ പ്രവർത്തനത്തെ കുറിച്ച് തൊട്ടടുത്ത കടയുടമകൾക്ക് പോലും വ്യക്തമായ വിവരമില്ല. കടയിൽ സ്ഥിരം വരാറില്ലായിരുന്നുവെന്നും നാട്ടുകാർ പറയുന്നു.