കൂറ്റനാട്> ആത്മീയ ചികിത്സയുടെ പേരിൽ വീട്ടമ്മയ്ക്കുനേരെ ലൈംഗികാതിക്രമം നടത്തിയ മന്ത്രവാദി അറസ്റ്റിൽ. കറുകപുത്തൂർ പള്ളിപ്പടി ഓടംപുളളി സെയ്ത് ഹസൻ തങ്ങൾ (34) എന്ന വ്യാജ വൈദ്യനും മന്ത്രവാദിയുമാണ് അറസ്റ്റിലായത്. മതിയായ യോഗ്യതകളില്ലാതെ ചികിത്സ നടത്തൽ, സ്ത്രീപീഡനം വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ കേസെടുത്തു. കറുകപുത്തൂർ പള്ളിപ്പടിയിലുള്ള ഇയാളുടെ വീടിനോടു ചേർന്ന ചികിത്സാ മുറിയിൽനിന്ന് ഗർഭനിരോധന ഉറകൾ ഉൾപ്പെടെയുള്ളവ പൊലീസ് കണ്ടെടുത്തു.
ദാമ്പത്യ പ്രശ്നങ്ങൾ, മാനസിക പ്രശ്നങ്ങൾ എന്നിവയ്ക്ക് ഇയാൾ മന്ത്രവാദവും മരുന്നും നൽകുമായിരുന്നു. കടുത്ത പ്രശ്നങ്ങളുള്ള സ്ത്രീകളെ ഒറ്റയ്ക്ക് ഒരു മുറിയിൽവച്ച് ചികിത്സിക്കുന്നതായും പരാതിയുണ്ടായിരുന്നു. ഇയാളെക്കുറിച്ച് മുമ്പും പരാതികളുണ്ടായെങ്കിലും ആരും പൊലീസിൽ പരാതിപ്പെട്ടില്ല. കഴിഞ്ഞ ദിവസം കുടുംബ പ്രശ്നം മൂന്നാം തവണ തീർക്കാൻ എത്തിയ ചാലിശേരി സ്വദേശിനിയായ യുവതിയെ ലൈംഗിക താൽപ്പര്യത്തോടെ സമീപിക്കുകയായിരുന്നു. പുറത്തേക്കോടിയ യുവതി കൂടെയുണ്ടായിരുന്നവരോട് ഒന്നും പറയാതെ വീട്ടിലേക്ക് പോയി. പിന്നീട് പൊലീസ് വീട്ടമ്മയുടെ അടുത്തെത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞ് കേസെടുക്കുകയായിരുന്നു.
ദേശീയ മനുഷ്യാവകാശ കമീഷൻ അംഗം എന്നെഴുതിയ ബോർഡുവച്ച വാഹനത്തിലാണ് പ്രതി സഞ്ചരിച്ചിരുന്നത്. ഈ വാഹനവും പൊലീസ് പിടിച്ചെടുത്ത് ബോർഡ് അഴിപ്പിച്ചു. 10 വർഷംമുമ്പ് ചങ്ങരംകുളം പൊലീസ് സ്റ്റേഷനിലും ഇയാൾക്കെതിരെ കേസുണ്ട്.