അടുത്ത ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കുമെന്ന് വ്യക്തമാക്കിയ കോടതി മഠത്തിൽ നിന്ന് പുറത്ത് പോകാൻ ആവശ്യമായ സമയം ലൂസിക്ക് നൽകണമെന്നും പറഞ്ഞു. തന്നെ പുറത്താക്കിക്കൊണ്ടുള്ള തീരുമാനം ചോദ്യം ചെയ്ത് വത്തിക്കാനിലെ അപ്പീല്‍ കൗണ്‍സിലിനെ സമീപിച്ചതായി ലൂസി കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു.
ഹൈക്കോടതിയുടെ ഭാഗത്ത് നിന്നുമുണ്ടായ പ്രതികരണത്തിൽ ലൂസി കളപ്പുരയ്ക്കൽ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. മദർ സുപ്പീരിയർ തൻ്റെ സ്വാതന്ത്രത്തിൽ ഇടപെടുകയാണെന്നും ഇത് വിലക്കണമെന്നും ഹർജിയിൽ വ്യക്തമാക്കിയിരുന്നു. സിസ്റ്റർ ലൂസി കളപ്പുരയെ സന്യാസ സമൂഹത്തിൽ നിന്ന് പുറത്താക്കിയതിനെതിരെ സമർപ്പിച്ച അപ്പീൽ സഭാ കോടതി തള്ളിയിരുന്നു. ലൂസി കളപ്പുരയെ പുറത്താക്കിയ നടപടി കോടതി ശരിവയ്ക്കുകയും ചെയ്തിരുന്നു.
വത്തിക്കാനിലെ നടപടികളിൽ ലൂസി മുൻപ് സംശയം പ്രകടിപ്പിച്ചിരുന്നു. വത്തിക്കാനിൽ നിന്ന് കത്ത് വന്നുവെന്നത് വ്യാജ പ്രചാരണമാണ്. “തൻ്റെ അപേക്ഷയിൽ വിചാരണ നടക്കുന്നതായോ തീരുമാനം ഉണ്ടായതായോ ഉള്ള വിവരം തൻ്റെ അഭിഭാഷകന് ലഭ്യമായിട്ടില്ല. ഞാൻ അറിയാതെയാണ് വിചാരണ നടക്കുന്നതെങ്കിൽ അത് സത്യത്തിനും നീതിക്കും നിരക്കാത്തതാണ്” – എന്നും ലൂസി വ്യക്തമാക്കിയിരുന്നു. കേസിൽ കക്ഷിയായ എഫ്സിസി തന്നെയാണ് തന്നോട് പുറത്തു പോകാൻ ആവശ്യപ്പെട്ട് ഉത്തരവ് നല്‍കിയതെന്ന് സി. ലൂസി ചൂണ്ടിക്കാട്ടി. എന്തുവന്നാലും മഠത്തിൽ തന്നെ തുടരുമെന്നും അവർ കൂട്ടിച്ചേർത്തിരുന്നു.