ഫറോക്ക് > മലബാറിന്റെ വികസന പ്രതീക്ഷകൾക്ക് കരുത്ത് പകർന്ന് കണ്ടെയ്നർ ചരക്ക് കപ്പൽ ബേപ്പൂർ തീരത്തെത്തി. മുഖ്യമന്ത്രിയുടെ നൂറുദിന പദ്ധതിയിൽപെടുത്തി കൊച്ചി – ബേപ്പൂർ – അഴീക്കൽ തുറമുഖങ്ങളെ കൂട്ടിയിണക്കിയുള്ള ഹ്രസ്വദൂര ചരക്കു കപ്പൽ സർവീസാണ് ഇതോടെ യാഥാർഥ്യമായത്.
പുലർച്ചെയോടെ 42 കണ്ടെയ്നറുമായി പുറംകടലിൽ എത്തിയ റൗണ്ട് ദ കോസ്റ്റ് ഷിപ്പിങ് കമ്പനിയുടെ ഹോപ്പ് സെവൻ (ചൗഗ്ലെ – 8) കപ്പൽ രാവിലെ 6.40 ന് തുറമുഖത്തെത്തി. ഏഴോടെ വാർഡിൽ സുഗമമായി ബർത്ത് ചെയ്തു. മലബാറിലെ വ്യാപാര – വാണിജ്യ മേഖലയിലെ പ്രമുഖർ, തുറമുഖ വകുപ്പ് അധികൃതർ, കപ്പൽ കമ്പനി മേധാവികൾ, ചരക്ക് കടത്ത് ഏജൻസികളുടെപ്രതിനിധികൾ, തൊഴിലാളികൾ എന്നിവർ കപ്പലിനെ വരവേറ്റു.
42 കണ്ടെയ്നറുകളിൽ 40 എണ്ണം ബേപ്പൂരിലേക്കും രണ്ടെണ്ണം അഴീക്കലിലേക്കുമുള്ളതാണ്. കോഴിക്കോട് ഉൾപ്പെടെ മലബാറിലെ വിവിധ ജില്ലകളിലേക്കുള്ള ടൈൽസും സാനിറ്ററി ഉൽപ്പന്നങ്ങളുമടക്കം കെട്ടിട നിർമാണ വസ്തുക്കളാണ് കണ്ടെയ്നുകളിലെത്തിയത്. ബേപ്പൂരിൽനിന്ന് കോഴിക്കോടൻസ് ഗ്രൂപ്പിന്റെ ഒരു കണ്ടെയ്നർ ബേക്കറി ഉൽപ്പന്നങ്ങൾ ദുബായ് ജബൽ അലി തുറമുഖത്തേക്കും അഴീക്കലിൽനിന്ന് എട്ടു കണ്ടെയ്നർ പ്ലൈവുഡ് മലേഷ്യയിലേക്കും ആദ്യ സർവീസിൽ തന്നെ കയറ്റി അയക്കുന്നുണ്ട്. കസ്റ്റംസ് ക്ലിയറൻസ് വേഗത്തിലായാൽ സൗദിയിലേക്ക് പാദരക്ഷകളും കയറ്റി അയക്കും.
സമുദ്രമാർഗമുള്ള ചരക്കുനീക്കം പ്രോത്സാഹിപ്പിക്കുക എന്ന സർക്കാർ നയത്തിന്റെ ഭാഗമായി നടപ്പാക്കുന്ന പദ്ധതി വ്യാപാര, വ്യവസായ, വാണിജ്യ മേഖലയുടെ വളർച്ചയ്ക്ക് സഹായകമാകും. പോർട്ട് പൈലറ്റ് ക്യാപ്റ്റൻ പ്രദീഷ് ജി നായരുടെ നേതൃത്വത്തിലാണ് കപ്പൽ തുറമുഖത്തേക്ക് കൊണ്ടുവന്നത്. പോർട്ട് ഓഫീസർ ക്യാപ്റ്റൻ വി കുര്യാക്കോസ് , സൂപ്രണ്ട് എൻ കെ അബ്ദുൽ മനാഫ് എന്നിവരും റൗണ്ട് ദ കോസ്റ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കിരൺ ബി നൻന്ദ്രെ , ഐഎഫ്എക്സ് പ്രതിനിധി മുർശിദ് , കെ എസ്എസ്ഐഎ ജില്ലാ പ്രസിഡന്റ് മുല്ലവീട്ടിൽ അബ്ദുറഹീം , മലബാർ ചേംബർ പ്രസിഡന്റ് ഹസീബ് എന്നിവരും കപ്പലിനെ സ്വീകരിക്കാനെത്തി.