തിരുവനന്തപുരം > കോവിഡ് മരണക്കണക്കില് സര്ക്കാരിന് ഒളിച്ചുവെക്കാനൊന്നുമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്ജ്. മരണ കാരണം തീരുമാനിക്കുന്നത് ഡോക്ടര്മാര് തന്നെയാണ്. ഐസിഎംആറിന്റെയും ലോകാരോഗ്യസംഘടനയുടെയും മാനദണ്ഡങ്ങള് അനുസരിച്ചാണ് കോവിഡ് പ്രതിരോധപ്രവര്ത്തനങ്ങളും മരണങ്ങള് റിപ്പോര്ട്ട് ചെയ്യുകയും ചെയ്യുന്നതെന്നും വീണാ ജോര്ജ് പറഞ്ഞു. കോവിഡ് മരണക്കണക്കില് സര്ക്കാര് ഒളിച്ചുകളിക്കുകയാണെന്ന പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ ആരോപണം സംബന്ധിച്ച മാധ്യമപ്രവര്ത്തകരുടെ ചോദ്യത്തിന് മറുപടി നല്കുകയായിരുന്നു മന്ത്രി.
കേന്ദ്ര ആരോഗ്യമന്ത്രാലയം കോവിഡ് മരണങ്ങള് സംബന്ധിച്ച് പുതിയ നിര്ദേശങ്ങള് നല്കുകയാണെങ്കില് അതും പരിശോധിക്കാവുന്നതാണ്. ജനങ്ങള്ക്ക് പരാമവധി സഹായം നല്കുക തന്നെയാണ് സര്ക്കാരിന്റെ നിലപാട്. മരണങ്ങള് ആശുപത്രികളില് നിന്ന് ഓണ്ലൈനായി റിപ്പോര്ട്ട് ചെയ്യാന് പുതിയ സംവിധാനം ഏര്പ്പെടുത്തുകയാണ്. സര്ക്കാര് നടപടികള് കൂടുതല് സുതാര്യമാക്കുന്നതിനുവേണ്ടിയാണ് ഇതെന്നും മന്ത്രി അറിയിച്ചു.