ന്യൂഡല്‍ഹി: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഫാസ്റ്റ് ബോളര്‍ കൂടിയായ ഓള്‍ റൗണ്ടറുടെ അഭാവം ഇന്ത്യന്‍ ടീമിലുണ്ടായിരുന്നു എന്ന വിമര്‍ശനം തോല്‍വിക്ക് പിന്നാലെ ഉയര്‍ന്നിരുന്നു. ഷാര്‍ദൂല്‍ ഠാക്കൂര്‍ ഉണ്ടായിരുന്നിട്ടും രവീന്ദ്ര ജഡേജയെ ടീമില്‍ ഉള്‍പ്പെടുത്തിയത് പല ചര്‍ച്ചകള്‍ക്കും വഴി വെക്കുകയും ചെയ്തു. ആഴ്ചകള്‍ കഴിഞ്ഞിട്ടും ഓള്‍ റൗണ്ടര്‍ വിശകലനങ്ങള്‍ തുടരുകയാണ്.
നിലവില്‍ ഇന്ത്യന്‍ ടീമില്‍ ജഡേജയും, പാണ്ഡ്യ സഹോദരങ്ങളും കഴിഞ്ഞാല്‍ ബാറ്റുകൊണ്ടും ബോളുകൊണ്ടും സംഭാവന നല്‍കാന്‍ കഴിയുന്ന താരങ്ങള്‍ ഇല്ല എന്ന് പറയാം. ഇതില്‍ ഹാര്‍ദിക് പാണ്ഡ്യ മാത്രമാണ് ഫാസ്റ്റ് ബോളറായി ഉള്ളത്. ടീമിനെ വിജയത്തിലെത്തിക്കാന്‍ കെല്‍പ്പുള്ളവരായ ബെന്‍ സ്റ്റോക്സിനേയും, കെയില്‍ ജാമിസണേയും പോലയുള്ള താരങ്ങള്‍ ഇന്ത്യന്‍ നിരയില്‍ ഉണ്ടാകുന്നില്ല.
ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഓള്‍ റൗണ്ടറായ കപില്‍ ദേവ് തന്നെ ഇക്കാര്യത്തില്‍ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ്. ഇന്ത്യ ടുഡെയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കപില്‍ പ്രതികരിച്ചത്.
“പത്ത് മാസം തുടര്‍ച്ചയായി ഒരു വര്‍ഷം കളിക്കുമ്പോള്‍ സ്വാഭാവികമായും പരുക്ക് പറ്റും. ഇന്ന് ക്രിക്കറ്റില്‍ ബാറ്റ്സ്മാന്മാര്‍ക്ക് ബാറ്റ് ചെയ്താല്‍ മാത്രം മതി, ബോളര്‍മാര്‍ക്ക് ബോള്‍ ചെയ്താലും. പക്ഷെ ഞങ്ങളുടെ കാലഘട്ടത്തില്‍ എല്ലാം ചെയ്യണമായിരുന്നു. ക്രിക്കറ്റ് ഒരുപാട് മാറി. നാല് ഓവര്‍ എറിയുമ്പോള്‍ ഒരാള്‍ ക്ഷീണിക്കുന്നു എന്നത് വളരെ വിഷമിപ്പിക്കുന്ന ഒരു കാര്യമാണ്,” കപില്‍ പറഞ്ഞു
“ഞങ്ങളുടെ സമയത്ത്, അവസാന കളിക്കാരന്‍ ബാറ്റ് ചെയ്യാന്‍ ക്രീസില്‍ എത്തിയാലും ചുരുങ്ങിയത് പത്ത് ഓവറെങ്കിലും എറിയുമായിരുന്നു. ഇത് ശാരീരികക്ഷമത വര്‍ധിപ്പിക്കുന്നതിന് സഹായകരമായിരുന്നു. ഇന്നത്തെ കളിക്കാര്‍ നാല് ഓവര്‍ എറിഞ്ഞാല്‍ അത് ലഭിക്കുമായിരിക്കും. ഞങ്ങളുടെ തലമുറ അല്‍പം വിചിത്രമാണ്,” കപില്‍ കൂട്ടിച്ചേര്‍ത്തു.
Also Read: WTC Final: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം നേടി, വില്യംസൺ ഹാപ്പിയാണ്; ക്രിക്കറ്റ് ലോകവും
The post പന്തെറിഞ്ഞ് കളിക്കാര്‍ ക്ഷീണിക്കുന്നു, ക്രിക്കറ്റ് ഒരുപാട് മാറി: കപില്‍ ദേവ് appeared first on Indian Express Malayalam.