തൃശൂർ
കൊടകരയിൽ വാഹനാപകടം സൃഷ്ടിച്ച് കുഴൽപ്പണം കവർന്ന കേസിൽ ആറു പ്രതികളുടെ ജാമ്യപേക്ഷ തള്ളി. ബിജെപി തെരഞ്ഞെടുപ്പിന് ഇറക്കിയ മൂന്നരക്കോടി കവർന്ന കേസിലാണ് ഒന്നാംപ്രതി ഉൾപ്പെടെ ആറുപേരുടെ ജാമ്യം തള്ളിയത്. മുഹമ്മദ് അലി, സുജീഷ്, ദീപക്, ഷുക്കൂർ, അബ്ദുൾ റഹീം, ദീപ്തി എന്നിവരുടെ ജാമ്യാപേക്ഷയാണ് തൃശൂർ ജില്ലാ സെഷൻസ് ജഡ്ജി ഡി അജിത്കുമാർ തള്ളിയത്.
പ്രതികൾ ഒന്നിച്ച് ആസൂത്രിതമായി ചെയ്ത കൊള്ളയാണെന്നും രണ്ടു കോടിയോളം രൂപ ഇനിയും കണ്ടെടുക്കാനുണ്ടെന്നും പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ ഡി ബാബു വാദിച്ചു. രാഷ്ട്രീയബന്ധമുള്ള കേസായതിനാൽ പ്രതികൾക്ക് ജാമ്യം നൽകിയാൽ അന്വേഷണത്തിന് തടസ്സമുണ്ടാകുമെന്ന പ്രോസിക്യൂഷൻ വാദത്തിനു പിന്നാലെയാണ് ജാമ്യം തള്ളിയത്. സ്ത്രീയെന്ന പരിഗണന നൽകണമെന്ന് ദീപ്തി വാദിച്ചെങ്കിലും കേസിന്റെ ഗൗരവം കണക്കിലെടുത്ത് അവർക്കും ജാമ്യം നൽകിയില്ല.
ധർമരാജന് രേഖകൾ
ഹാജരാക്കാനായില്ല
കുഴൽപ്പണക്കേസിൽ ഇടനിലക്കാരൻ ധർമരാജന് രേഖകൾ ഹാജരാക്കാനായില്ല. കവർച്ച ചെയ്യപ്പെട്ട പണം തന്റേതാണെന്നും പൊലീസ് പ്രതികളിൽനിന്ന് വീണ്ടെടുത്ത പണം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടും ധർമരാജൻ ഇരിങ്ങാലക്കുട കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. വാദംകേൾക്കാൻ ബുധനാഴ്ച കേസ് വിളിച്ചപ്പോൾ രേഖകൾ ഹാജരാക്കാൻ ധർമരാജന്റെ അഭിഭാഷകൻ വീണ്ടും സമയം ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് കേസ് ജൂലൈ 13ലേക്ക് മാറ്റി.
ധർമരാജൻ കുഴൽപ്പണ ഇടപാടുകാരനാണെന്നും പണം വിട്ടുകൊടുക്കരുതെന്നും പൊലീസ് വാദിച്ചു. ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി ഗണേശ്, ഓഫീസ് സെക്രട്ടറി ഗിരീശൻ എന്നിവരുടെ നിർദേശപ്രകാരം ബംഗളൂരുവിൽനിന്ന് എത്തിച്ച ഹവാല പണം ബിജെപി ആലപ്പുഴ ജില്ലാ ട്രഷറർ കെ ഗോപാലകൃഷ്ണയ്ക്ക് (കെ ജി കർത്ത) കൈമാറാൻ കൊണ്ടുപോകുമ്പോഴാണ് കൊടകരയിൽവച്ച് കവർന്നതെന്നാണ് പൊലീസ് റിപ്പോർട്ട്.