കാസർകോട്
മഞ്ചേശ്വരത്ത് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനുവേണ്ടി സ്ഥാനാർഥിത്വം പിൻവലിക്കാൻ രണ്ടരലക്ഷം രൂപ കോഴ നൽകിയ കേസിൽ ബിഎസ്പി സ്ഥാനാർഥിയായിരുന്ന കെ സുന്ദരയുടെ അമ്മയുടെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തി.
ഹൊസ്ദുർഗ് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് (രണ്ട്) ബി കരുണാകരനാണ് സുന്ദരയുടെ അമ്മ ബിട്ജി, അനന്തരവന്റെ ഭാര്യ അനുശ്രീ എന്നിവരുടെ രഹസ്യമൊഴി സിആർപിസി 164 പ്രകാരം രേഖപ്പെടുത്തിയത്. ബിജെപി പണം നൽകിയ കാര്യം നേരത്തെ ഇവർ ജില്ലാ ക്രൈംബ്രാഞ്ചിനോട് സമ്മതിച്ചിരുന്നു. ഇത് കോടതിക്ക് നൽകിയ രഹസ്യമൊഴിയിലും ഇരുവരും ആവർത്തിച്ചതായി അറിയുന്നു.
സ്ഥാനാർഥിത്വം പിൻവലിക്കാൻ രണ്ടര ലക്ഷം രൂപ ബിജെപി നേതാക്കൾ വാണിനഗറിലെ വീട്ടിലെത്തി നൽകിയത് സുന്ദരയുടെ അമ്മയുടെ കൈവശമാണ്. ഈ വീട്ടിലാണ് അനുശ്രീ താമസം. കേസിൽ സുന്ദരയടക്കം അഞ്ചുപേരുടെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തി.