കാസർകോട് > കർണാടക അതിർത്തിയോട് ചേർന്ന കേരളത്തിലെ സ്ഥലങ്ങളുടെ പേരുമാറ്റം സംബന്ധിച്ച് ഉയർന്ന വിവാദം ആസൂത്രിതം. കർണാടകത്തിലെ ബിജെപി നേതാക്കളാണ് സ്ഥലപ്പേരുകൾ മാറ്റുന്നുവെന്ന വ്യാപക പ്രചാരണത്തിനു പിന്നിൽ. വർഷങ്ങളായി കാസർകോട്ട് ഭാഷാപരമായും മതപരമായും ഒരു തർക്കവുമില്ല. കർണാടക അതിർത്തി വികസനസമിതിയാണ് വിവാദത്തിനു തുടക്കമിട്ടത്. കോൺഗ്രസിൽനിന്ന് ബിജെപിയിലെത്തിയ നേതാവാണ് ഇതിന്റെ ചെയർമാൻ സി സോമശേഖർ. സമിതിയുടെ പ്രസ്താവനയുടെ ചുവടുപിടിച്ചു ബിജെപി നേതാക്കൾ രംഗത്തെത്തുകയായിരുന്നു.
ബിജെപി കർണാടക പ്രസിഡന്റും മംഗളൂരു എംപിയുമായ നളിൻകുമാർ കട്ടീൽ, കേരള സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ, കർണാടക മന്ത്രി അരവിന്ദ ലിംബാലി എന്നിവർ പ്രസ്താവനയുമായി ഇറങ്ങി. കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി ട്വീറ്റ് ചെയ്തു. മുഖ്യമന്ത്രി യെദ്യൂരപ്പ കേരള മുഖ്യമന്ത്രിയുമായി സംസാരിക്കുമെന്ന് പറഞ്ഞു. ശൂന്യതയിൽനിന്നാണ് രണ്ടു ദിവസത്തിനിടെ വലിയ സംഭവമായി ഈ വിഷയം മെനഞ്ഞുണ്ടാക്കിയത്.
ജില്ലയിലുള്ളവർ ഉപയോഗിക്കുന്ന, ചില ദേശങ്ങളുടെ പേരുകൾ ഉദാഹരിച്ചു സോമശേഖർ കർണാടക ചീഫ്സെക്രട്ടറിക്ക് കത്ത് നൽകി. ഈ പേരുകളൊന്നും ഔദ്യോഗികമായി അംഗീകരിച്ചവയല്ല. നൂറുകണക്കിന് സ്ഥലനാമങ്ങൾ തുളു, കന്നഡ ഭാഷയിലാണിപ്പോഴുമുള്ളത്. സ്ഥലങ്ങളുടെ പേരുമാറ്റം ആലോചിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിട്ടും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ബിജെപി കൊണ്ടുപിടിച്ച ശ്രമം നടത്തുകയാണ്.
കാസർകോട് സമന്വയസമിതി എന്ന സംഘടന 2015 ഡിസംബർ ഏഴിന് അതിർത്തി പ്രദേശങ്ങളുടെ പേര് മാറ്റാൻ ശ്രമിക്കുന്നുവെന്നാരോപിച്ച് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് നിവേദനം നൽകിയിരുന്നു. അത്തരം നീക്കമില്ല എന്നായിരുന്നു 2016 ഫെബ്രുവരി 19ന് ഉമ്മൻചാണ്ടി സർക്കാർ നൽകിയ മറുപടി. നിലവിലുള്ള പേരുകൾ ഉപയോഗിക്കണമെന്നും ഒരു മാറ്റവും പാടില്ലെന്നും ഉത്തരവിറക്കി. അതിനെ ബലപ്പെടുത്തുന്നതാണ് പിന്നീട് എൽഡിഎഫ് സർക്കാർ പുറപ്പെടുവിച്ച ഉത്തരവുകളും. 2018ൽ സർക്കാർ രേഖകൾ ഡിജിറ്റലൈസ് ചെയ്യുമ്പോൾ വളരെ സൂക്ഷിച്ചു ചെയ്യണമെന്നും സ്ഥലപ്പേര് മാറാൻ പാടില്ലെന്നും ഉത്തരവിട്ടു. 2019ൽ ഇതേസംഘടന രേഖകളിൽ പേരുകൾ തെറ്റായി ഉച്ചരിക്കുന്നുവെന്ന് കാണിച്ചു കലക്ടർക്ക് നൽകിയ പരാതിയെ തുടർന്ന് 2021 ജനുവരി 13ന് നൽകിയ ഉത്തരവിലും സ്ഥലപേരുകളിൽ മാറ്റം വരുത്താനോ പുതിയ പേരുകൾ രേഖപ്പെടുത്താനോ പാടില്ലെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
ഒരിക്കൽപോലും സർക്കാരോ ബന്ധപ്പെട്ടവരോ ആലോചിക്കാത്ത കാര്യമാണ് വീണ്ടും വിവാദമാക്കുന്നത്. മതവൈരമുണ്ടാക്കി സ്വാധീനം ഉറപ്പിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ ഭാഷാപ്രശ്നം എടുത്തിട്ട് മുതലെടുപ്പു നടത്താനാണ് ബിജെപിയുടെ ശ്രമം. സപ്തഭാഷാ സംഗമഭൂമിയായ കാസർകോട്ട് അതിവേഗം തീപിടിപ്പിക്കാവുന്ന വിഷയമാണിതെന്ന് അവർ കണക്കുകൂട്ടുന്നു.