സാംബിയയിലെ കെബിഎൻ ടിവി ന്യൂസ് (കെൻമാർക് ബ്രോഡ്കാസ്റ്റിംഗ് നെറ്റ്‌വർക്ക്) അവതാരകനായ കബിന്ദ കാലിമിന വാർത്ത വായിക്കുന്നതിനിടെ അത് നിർത്തിയാണ് തനിക്കും സഹപ്രവർത്തകർക്കും ശമ്പളം ലഭിച്ചിട്ടില്ല എന്ന കാര്യം ടിവിയിലൂടെ വിളിച്ചു പറഞ്ഞത്. ലേഡീസ് ആൻഡ് ജന്റിൽ മാൻ എന്ന് അഭിസംബോധന ചെയ്താണ് കബിന്ദ കാലിമിന വാർത്തകൾ വായിച്ചു തുടങ്ങുന്നത്. പ്രധാന വാർത്തകളും അന്താരാഷ്ട വാർത്തകളും വായിച്ച ശേഷം കായീക വാർത്തകൾ വായിക്കാൻ ആരംഭിക്കുന്ന കബിന്ദ കാലിമിന പക്ഷെ അസ്വസ്ഥനാണ് എന്ന് അവതാരത്തെ വ്യക്തമാണ്.
തുടന്ന് വർത്തയല്ലാത്ത ഒരു കാര്യം പറയാനുണ്ട് എന്ന് പറഞ്ഞാണ് കബിന്ദ ശമ്പള പ്രശ്നം വെളിപ്പെടുത്തുന്നത്. “ഞങ്ങളും മനുഷ്യരാണ്, ഞങ്ങൾക്ക് ശമ്പളം കിട്ടണം. നിർഭാഗ്യവശാൽ കെബിഎൻ ടിവിയിൽ ഞങ്ങൾക്കാർക്കും ശമ്പളം ലഭിച്ചിട്ടില്ല” എന്ന് പറഞ്ഞാണ് കബിന്ദ ആരംഭിക്കുന്നത്. ചാനലിലെ പ്രമുഖരായ പലർക്കും തനിക്കും ശമ്പളം ലഭിച്ചിട്ടില്ല എന്നും കബിന്ദ പറയുന്നുണ്ട്. കൂടുതൽ വിശദാംശങ്ങളിലേക്ക് കബിന്ദ കടക്കുന്നുണ്ടെകിലും കെബിഎൻ ടിവി ന്യൂസ് അധികൃതർ പരസ്യം തിരുകി കയറ്റിയാണ് പ്രക്ഷേപണം അവസാനിപ്പിക്കുന്നത്.
തുടർന്ന് കബിന്ദ കാലിമിന വീഡിയോ ക്ലിപ്പ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. ശരിയാണ്, ഞാൻ തത്സമയ ടിവിയിൽ അത് പറഞ്ഞു. മിക്ക മാധ്യമപ്രവർത്തകരും ഇക്കാര്യം സംസാരിക്കാൻ ഭയപ്പെടുന്നു എന്നതിനർത്ഥം മാധ്യമപ്രവർത്തകർക്ക് സംസാരിക്കാനുള്ള ശേഷി നഷ്ടപ്പെട്ടു എന്നല്ല,” എന്ന കുറിപ്പോടെയാണ് കലിമിന തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്ന് വീഡിയോ പങ്കിട്ടത്.
അതെ സമയം കബിന്ദ മദ്യപിച്ചാണ് വാർത്തകൾ വായിക്കാൻ എത്തിയത് എന്ന വാദവുമായി കെബിഎൻ ടിവി രംഗത്ത് വന്നു. മദ്യപിച്ച അവസ്ഥയിൽ ജോലിക്ക് കയറിയ കബിന്ദയുടെ പ്രവർത്തിയിൽ അന്വേഷണം ആരംഭിച്ചു എന്നാണ് കെബിഎൻ ടിവി ഫേസ്ബുക്കിൽ കുറിച്ചത്.