തിരുവനന്തപുരം: സ്ത്രീധനത്തിന്റെ പേരിൽ നടക്കുന്ന ആത്മഹത്യകളും കൊലപാതകങ്ങളും ആവർത്തിക്കാതിരിക്കാൻ മകൾക്കൊപ്പം എന്ന കാമ്പയിനുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സ്ത്രീധന പീഡനങ്ങളുടെ പേരിൽ കേരളം അപമാനഭാരത്താൽ തലതാഴ്ത്തി നിൽക്കുകയാണെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും വി.ഡി. സതീശൻ പറഞ്ഞു.
വിവാഹം നടത്തി കടക്കെണിയിലായ സ്വന്തം വീട്ടിലേക്കു തിരിച്ചെത്തി അവർക്കു വീണ്ടും ഭാരമാകരുത് എന്നു കരുതിയാണ് പല പെൺകുട്ടികളും ആത്മഹത്യയിൽ അഭയം തേടുന്നത്. പ്രതിസന്ധികൾ ഒറ്റയ്ക്കു നേരിടാൻ കഴിയാത്തതും കാരണമാണ്. സ്ത്രീധനം നൽകി വിവാഹം കഴിക്കില്ലെന്ന് ഓരോ പെൺകുട്ടിയും, അങ്ങനെ വിവാഹം നടത്തില്ലെന്ന് ഓരോ കുടുംബവും തീരുമാനിക്കണമെന്നും വി.ഡി.സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.
മകൾക്കൊപ്പം കാമ്പയിന്റെ ഭാഗമായി സാംസ്കാരിക സാമൂഹിക രംഗങ്ങളിലെ പ്രമുഖരെയും മഹിളാ- യുവജന പ്രസ്ഥാനങ്ങളെയും അണിനിരത്തി സ്ത്രീധനത്തിനെതിരായ പ്രചാരണം ശക്തമാക്കാനാണ് തീരുമാനം.
Content Highlights:opposition leader V D Satheeshan starts campaign against dowry harassment