തിരുവനന്തപുരം: ഹൃദയംകൊണ്ട് താൻ മലയാളിയാണെന്ന് വിടവാങ്ങൽ പ്രസംഗത്തിൽ വികാരാധീനനായി ലോക്നാഥ് ബെഹ്റ. തിരുവനന്തപുരം പേരൂർക്കട എസ്.എ.പി മൈതാനത്ത് സേനാംഗങ്ങൾ നൽകിയ യാത്രയയപ്പ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു ബെഹ്റ. താൻ മുണ്ട് ധരിച്ചതും മലയാളം സംസാരിച്ചതും ആരെയും കാണിക്കാനല്ലെന്നും അദ്ദേഹം പറഞ്ഞു.
36വർഷം ഇന്ത്യൻ പോലീസ് സർവീസിൽ ജോലി ചെയ്ത ശേഷം ഇന്ന് വിരമിക്കുകയാണ്. ദുഃഖമോ, സങ്കടമോ ഒന്നുമില്ല. ഓരോ ആളുടെ ജീവിതത്തിലും ഒരോ സമയത്ത് റിക്രൂട്ട്മെന്റ് ഉണ്ടാകും, പോസ്റ്റിങ് പ്രമോഷൻ ഉണ്ടാകും, അതുപോലെ എക്സിറ്റ് ഉണ്ടാകും. ഇത് ജീവിതത്തിലെ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. അഞ്ചുവർഷംപോലീസ് മേധാവിയുടെ കസേരയിൽ ഇരിക്കുമ്പോൾ ഉയർച്ച താഴ്ചകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ താഴ്ചകളിൽ വിഷമിച്ചിട്ടില്ല. മറിച്ച് അതേ കുറിച്ച് അവലോകനം നടത്തി അതിനെ എങ്ങനെ അതിജീവിക്കാം ഏത് രാതിയിൽ മാറ്റം കൊണ്ടുവരാം എന്നാണ് ചിന്തിച്ചിട്ടുളളത്. അതാണ് എന്റെ ഫിലോസഫി ഫോർ വർക്ക്. ബെഹ്റ പറഞ്ഞു.
വിരമിക്കുന്നതിൽ ദുഃഖമില്ലെന്ന് പറഞ്ഞാണ് പ്രസംഗം ആരംഭിച്ചതെങ്കിലും കേരളത്തെ കുറിച്ച് പറഞ്ഞതോടെ അദ്ദേഹത്തിന്റെ വാക്കുകൾ ഇടറി. ഞാൻ ഹൃദയം കൊണ്ട് ഒരു മലയാളിയായി, ഇടിയപ്പം കഴിക്കും. പുട്ട്, ദോശ കഴിക്കും ഞാൻ മലയാളം സംസാരിക്കും, മുണ്ട് ധരിച്ച് അമ്പലത്തിൽ പോകും… ഇതെല്ലാം ചെയ്തത് ആരേയും കാണിക്കാൻ വേണ്ടിയിട്ടല്ല.എന്റെ ഹൃദയത്തിലേക്ക് കയറിയിട്ടുളള കാര്യങ്ങളാണ്. കേരളത്തിലെ ജനങ്ങളോടും ഉദ്യോഗസ്ഥരോടും എല്ലാം എനിക്ക് വളരെയധികം നന്ദിയുണ്ട്.- ബെഹ്റ പറഞ്ഞു.