ന്യൂഡൽഹി> കേരളത്തിലെ ബിജെപിയിൽ അടിമുടി മാറ്റം വേണമെന്നും അഴിമതിയിൽ മുങ്ങിയ നിലവിലെ നേതൃത്വം മാറണമെന്നും നിർദ്ദേശം . പ്രധാനമന്ത്രി മോഡിയുടെ നിർദേശപ്രകാരം സ്വതന്ത്ര നിരീക്ഷകർ നൽകിയ നിർദേശങ്ങളിലാണ് അടിമുടി മാറ്റം ആവശ്യപ്പെടുന്നതെന്ന് വാർത്താചാനൽ റിപ്പോർട്ട് ചെയ്തു. തെരഞ്ഞെടുപ്പിലെ ബിജെപിയുടെ കനത്ത പരാജയവും തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറിയും കള്ളപ്പണക്കേസുമടക്കമുള്ള സാഹചര്യത്തിലാണ് മോഡി നേരിട്ട് സ്വതന്ത്ര നിരീക്ഷകരെ നിയമിച്ചത്.
പാർട്ടിയിൽ അഴിമതി വ്യാപകമാണെന്നും തെരഞ്ഞെടുപ്പ് തോൽവിക്ക് വി മുരളീധരനുൾപ്പടെ ഉത്തരവാദിത്തമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഗ്രൂപ്പ് നേതാവായി മാത്രമാണ് മുരളീധരൻ പെരുമാറുന്നത്. നേതാക്കളുടെ പ്രവർത്തനവും വിലയിരുത്താൻ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് ഫണ്ട് ചെലവഴിക്കാതെ കൈക്കലാക്കുന്ന സംഭവങ്ങളും വോട്ട് മറിക്കാൻ പണം വാങ്ങിയ സംഭവങ്ങളുമുണ്ടായി. ഈ സാഹചര്യത്തിൽ ബൂത്തുതലത്തിൽ തെരഞ്ഞെടുപ്പ് വേണമെന്നുമാണ് നിർദേശം.സി വി ആനന്ദബോസ്, ഇ ശ്രീധരൻ, ജേക്കബ് തോമസ് എന്നിവരെയാണ് റിപ്പോർട്ട് നൽകാൻ ചുമതലപെടുത്തിയിരുന്നത്.
അതേസമയം മുന്നേറാനുള്ള അവസരമുണ്ടായിട്ടും പാർടിയെ തകർത്ത സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും കൂട്ടരും വിഷയം ചർച്ച ചെയ്യാതെ ഒളിച്ചോടുകയാണെന്ന് ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ വിമർശം. കെ സുരേന്ദ്രൻ പാർടിയെ തകർത്തു. തെരഞ്ഞെടുപ്പ് പരാജയം ചർച്ച ചെയ്യാതെ ഒളിച്ചോടുകയാണ്. ചർച്ച ചെയ്യാൻ ധൈര്യം കാണിക്കണം. പ്രവർത്തകരിൽനിന്ന് നേതൃത്വം ഒളിച്ചോടുന്നതെന്തിനെന്ന ചോദ്യവുമുയർന്നു.
സംസ്ഥാന കമ്മിറ്റി ഓൺലൈനായല്ലാതെ ചേർന്ന് പരാജയം ചർച്ചചെയ്യണമെന്ന ആവശ്യവുമുയർന്നു. പ്രധാന നേതാക്കൾ തിരുവനന്തപുരത്തും മറ്റുള്ളവർ ജില്ലകളിൽ ഓൺലൈനായുമാണ് എക്സിക്യൂട്ടീവ് യോഗം ചേർന്നത്.
കേന്ദ്രനേതൃത്വത്തിന്റെ നിർദേശപ്രകാരം കെ സുരേന്ദ്രനെ പിന്തുണച്ച് പി കെ കൃഷ്ണദാസ് പ്രമേയം അവതരിപ്പിച്ചു. 255 അംഗ സംസ്ഥാന എക്സിക്യൂട്ടീവിൽ നൂറ്റമ്പതോളം പേർ മാത്രമാണ് പങ്കെടുത്തത്. ദേശീയ ഉപാധ്യക്ഷൻ വിനയ് സഹസ്രബുദ്ധെ യോഗം ഉദ്ഘാടനംചെയ്തു. ശോഭാ സുരേന്ദ്രൻ പക്ഷം വിട്ടുനിന്നു