കൊച്ചി: സ്വർണക്കടത്ത് ക്വട്ടേഷൻ കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിൽ അർജുൻ ആയങ്കിയെ തള്ളി കൂട്ടുപ്രതി മുഹമ്മദ് ഷഫീഖ്. സ്വർണം കൈമാറിയവർ അർജുൻ കരിപ്പൂർ വിമാനത്താവളത്തിൽ എത്തുമെന്ന് പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരുപത്തിയഞ്ചോളം തവണ അർജുനുമായി സംസാരിച്ചിരുന്നുവെന്നും ഷഫീഖ് ചോദ്യം ചെയ്യലിൽ വ്യക്തമാക്കി.
ഇന്നലെ വൈകുന്നേരം മുതലാണ് ഇരുവരേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നത് ആരംഭിച്ചത്. സ്വർണക്കടത്ത് അർജുന് വേണ്ടിയായിരുന്നെന്ന ഷെഫീഖിന്റെ മൊഴി അർജുൻ നിഷേധിച്ചിരുന്നു. വിമാനത്താവളത്തിൽ എത്തിയത് സുഹൃത്ത് റെമീസിനൊപ്പമായിരുന്നു എന്നാണ് അർജുൻ കസ്റ്റംസിന് മൊഴി നൽകിയത്. റെമീസ് ദുബായിലായിരുന്നപ്പോൾ 15,000 രൂപ ഒരാൾക്ക് കടം നൽകിയിരുന്നു. അയാൾ വിമാനത്താവളത്തിൽ എത്തുന്നുണ്ടെന്നറിഞ്ഞ് ആ പണം വാങ്ങാനാണ് എത്തിയത്. വിലക്കപ്പെട്ട ചില സാധനങ്ങൾ ഷെഫീഖ് എത്തിക്കുന്നുണ്ടെന്നും ഇതിന് 45,000 രൂപ പ്രതിഫലം കിട്ടുമെന്നും അറിയാമായിരുന്നുവെന്നും അർജുൻ മൊഴി നൽകിയിട്ടുണ്ട്.
അതേസമയം അർജുൻ പറയുന്നത് കളവാണെന്ന അനുമാനത്തിലാണ് അന്വേഷണസംഘം. അർജുനും ഷഫീഖും പരസ്പരം ഫോണിലൂടെ ബന്ധപ്പെട്ടിട്ടുണ്ടെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ വാട്സാപ്പ് ചാറ്റുകളും വോയ്സ് ക്ലിപ്പുകളും തെളിയിക്കുന്നത് അർജുന് കള്ളക്കടത്തിൽ നേരിട്ട് ബന്ധമുണ്ടെന്ന് മാത്രമല്ല, യഥാർഥ ബുദ്ധികേന്ദ്രമാണെന്നാണെന്നും കസ്റ്റംസ് കോടതിയിൽ സമർപ്പിച്ച രേഖകളിൽ വ്യക്തമാക്കുന്നു.
കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ചു നടന്ന സ്വർണക്കടത്തിന്റെ ബുദ്ധികേന്ദ്രം അർജുൻ ആയങ്കിയെന്ന് കസ്റ്റംസ് നിഗമനം. ഒന്നാം പ്രതി മുഹമ്മദ് ഷെഫീഖിന്റെ മൊഴിയെത്തുടർന്നാണ് കണ്ണൂർ അഴീക്കൽ കൊവ്വലോടി ആയങ്കിവീട്ടിൽ അർജുനെ കസ്റ്റംസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതും അറസ്റ്റ് രേഖപ്പെടുത്തിയതും. കേസിലെ രണ്ടാംപ്രതിയായാണ് അർജുനെ ചേർത്തിരിക്കുന്നത്.
അറസ്റ്റിലായ അർജുൻ ആയങ്കിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഡി.വൈ.എഫ്.ഐ. ചെമ്പിലോട് മുൻ മേഖലാ സെക്രട്ടറി സി. സജേഷ് ചോദ്യം ചെയ്യാൻ ഹാജരായി.കരിപ്പൂർ വിമാനത്താവളത്തിൽ അർജുൻ പോയത് സജേഷിന്റെ ഉടമസ്ഥതയിലുള്ള കാറിലാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.