കൊണ്ടോട്ടി: രാമനാട്ടുകര അപകടവുമായി ബന്ധപ്പെട്ട സ്വർണക്കടത്ത് ആസൂത്രണക്കേസിലെ പ്രധാനപ്രതി സൂഫിയാൻ(31) കീഴടങ്ങി. കൊണ്ടോട്ടി പോലീസ് സ്റ്റേഷനിലെത്തിയാണ് ഇയാൾ കീഴടങ്ങിയത്. സ്വർണക്കടത്ത് മാഫിയയുമായി ബന്ധമുളള ആളാണ് സൂഫിയാൻ എന്നാണ് പോലീസ് പറയുന്നത്. രണ്ടുപേർ കൂടി ഇനി പിടിയിലാകാനുണ്ടെന്ന് പോലീസ് അറിയിച്ചു.
കോഴിക്കോട് വാവാട് സ്വദേശിയായ സൂഫിയാൻ സ്വർണക്കടത്ത് കേസിൽ നേരത്തേയും പ്രതിയാണ്. ഇയാൾക്കെതിരെ കോഫെപോസ നിലനിൽക്കുന്നുണ്ട്. സ്വർണക്കടത്തിനുള്ള വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത് സൂഫിയാനാണെന്നാണ് പോലീസ് കരുതുന്നത്.
സൂഫിയാൻ നേരത്തെ രണ്ട് സ്വർണക്കടത്ത് കേസുകളിൽ പ്രതിയായിട്ടുണ്ട്. കോഴിക്കോട് ഡിആർഐയും ബാംഗ്ലൂർ റവന്യൂ ഇന്റലിൻജൻസും സൂഫിയാനെതിരെ കോഫെപോസെ ചുമത്തിയിട്ടുണ്ട്. പരപ്പന അഗ്രഹാര ജയിലിൽ ആറ് മാസവും തിരുവനന്തപുരം ജയിലിലും കിടന്നിട്ടുണ്ട്.
ബാംഗ്ലൂരിൽ 11 കിലോ സ്വർണം കടത്തിയ കേസിൽ സൂഫിയാൻ പ്രതിയാണെന്ന് സംശയിക്കുന്നുണ്ട്. കോഴിക്കോട് ഓമശ്ശേരിക്കടുത്ത് സ്വർണം ഉരുക്കിയ കേസിലും സൂഫിയാൻ പ്രതിയായിരുന്നു. 2018ഓടെയാണ് സൂഫിയാൻ ദുബായിയിൽ നിന്ന് കോഴിക്കോട് കൊടുവള്ളിയിലെത്തിയത്.
കോഫെപോസ നിലനിൽക്കുന്നതിൽ കാഠ്മണ്ഡു വിമാനത്താവളത്തിലെത്തി അവിടെ നിന്ന് റോഡ് മാർഗമാണ് കേരളത്തിലേക്കെത്തിയത്. അഞ്ച് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിലും സ്വർണക്കടത്ത് സംഘത്തെ നയിച്ചത് സൂഫിയാനാണെന്നാണ് പോലീസ് നിഗമനം.
രാമനാട്ടുകര വാഹനാപകടത്തിനു പിറകിലുള്ള സ്വർണക്കടത്തിൽ ആപ്പു എന്ന വിളിപ്പേരിലറിയപ്പെടുന്ന കൊടുവള്ളി സ്വദേശിയെയും പോലീസ് തിരയുന്നുണ്ട്.മുഖ്യകണ്ണിയായ വാവാട് സ്വദേശി സൂഫിയാനൊപ്പം കള്ളക്കടത്തിൽ പ്രധാന പങ്കുവഹിച്ചയാളാണ് ഈ യുവാവ്. അറസ്റ്റിലായ മഞ്ചേരി പാണ്ടിക്കാട് സ്വദേശി ശിഹാബിൽനിന്നാണ് ആപ്പുവിനെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്.
സ്വർണക്കടത്തിൽ സഹായിക്കാൻ സൂഫിയാനൊപ്പം ആപ്പുവും ബന്ധപ്പെട്ടിരുന്നതായി ശിഹാബ് പോലീസിനോടു പറഞ്ഞു. ഇയാളുടെ ഫോൺ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ പോലീസിനു ലഭിച്ചിട്ടുണ്ട്.
സ്വർണക്കടത്തിന് സഹായിക്കാൻ, കഴിഞ്ഞ 21-ന് പുലർച്ചെ ശിഹാബ് സ്വന്തം സംഘത്തോടാപ്പം കരിപ്പൂരിലെത്തിയിരുന്നു. സൂഫിയാന്റെ സഹോദരൻ ഫിജാസിനെ സഹായിക്കാനാണ് ശിഹാബിന് ലഭിച്ചിരുന്ന നിർദേശം. വാഹന പരിശോധനയിലൂടെ ഫിജാസിനെ പോലീസ് പിടികൂടിയതോടെയാണ് ശിഹാബിനെക്കുറിച്ച് വിവരം ലഭിച്ചത്.
സംഭവം നടന്ന, ജൂൺ 21-നാണ് ചെർപ്പുളശ്ശേരി സ്വദേശികളായ 8 പേരെ പോലീസ് അറസ്റ്റുചെയ്തിരുന്നു.മൂന്ന് വാഹനങ്ങളിലായി 15 പേരാണ് കരിപ്പൂരിലെത്തിയത്. ഇതിൽപ്പെട്ട അഞ്ചുപേരാണ് രാമനാട്ടുകരയിൽ വാഹനാപകടത്തിൽ മരിച്ചത്. എട്ടുപേർ പോലീസ് പിടിയിലായി. സ്വർണം കൊണ്ടുപോകുന്നതിന് സംരക്ഷണം ഒരുക്കാൻ വേണ്ടിയാണ് ക്വട്ടേഷൻ എടുത്തതെന്ന് ചെർപ്പുളശ്ശേരി സംഘം ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു. ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ക്വട്ടേഷൻ നൽകിയ ആളുകളിലേക്കും പോലീസ് എത്തുകയാണ് ഉണ്ടായത്.
Content Highlights:Ramanattukara Gold Smuggling: Sufian surrendered to the police