കൊച്ചി
ലക്ഷദ്വീപ് കടൽതീരത്തെ 20 മീറ്റർ ദൂരത്തിലുള്ള കെട്ടിടം പൊളിക്കുന്നതും ഉടമകളെ ഒഴിപ്പിക്കുന്നതും ഹൈക്കോടതി തടഞ്ഞു. ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ നൽകിയ കാരണം കാണിക്കൽ നോട്ടീസ് ചോദ്യം ചെയ്ത് കവരത്തി സ്വദേശികളായ ഉബൈദുള്ള, ഖാലിദ് എന്നിവർ സമർപ്പിച്ച ഹർജിയിലാണ് തീരുമാനം. ഹർജി പരിഗണിച്ച ജസ്റ്റിസ് രാജവിജയരാഘവൻ സംഭവത്തിൽ ലക്ഷദ്വീപ് ഭരണനേതൃത്വം രണ്ടാഴ്ചയ്ക്കകം വിശദീകരണം നൽകാൻ ഉത്തരവിട്ടു.
ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകാൻ അധികാരമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇന്റഗ്രേറ്റഡ് ഐലൻഡ് മാനേജ്മെന്റ് പ്ലാൻ പ്രകാരമുള്ള അനുമതി വാങ്ങാതെയാണ് ഭൂമി കെട്ടിടനിർമാണത്തിനായി ഉപയോഗിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നൽകിയതെന്ന് ഭരണനേതൃത്വം വിശദീകരിച്ചു. എന്നാൽ, കാരണം കാണിക്കൽ നോട്ടീസിന്റെ മറുപടിക്കായി കാത്തുനിൽക്കാതെ കെട്ടിടങ്ങൾ പൊളിച്ചു നീക്കിയെന്ന് ഹർജിക്കാർ കോടതിയെ ബോധിപ്പിച്ചു. തുടർന്നാണ് കോടതി ഇടക്കാല ഉത്തരവിട്ടത്.