ടിപിആർ ക്രമാനുഗതമായി കുറയും എന്നു തന്നെയാണ് നാം പ്രതീക്ഷിക്കുന്നത്. ഒന്നാമത്തെ തരംഗത്തിൽ രോഗവ്യാപനത്തിന്റെ വേഗം മികച്ച രീതിയിൽ നിയന്ത്രിക്കാൻ സാധിച്ചതിനാൽ രോഗബാധിതരാകാത്ത അനേകംപേർ കേരളത്തിലുണ്ട്. ഐസിഎംആർ നടത്തിയ സെറൊ പ്രിവലൻസ് സർവേ പ്രകാരം ഏകദേശം 11 ശതമാനം ആളുകൾക്ക് മാത്രമാണ് ആദ്യ തരംഗത്തിൽ രോഗം ബാധിച്ചത്. ദേശീയ ശരാശരി 21 ശതമാനമായിരുന്നു.
അതിവ്യാപന ശേഷിയുള്ള ഡെൽറ്റാ വകഭേദമാണ് രണ്ടാമത്തെ തരംഗത്തിന്റെ ഭാഗമായി വ്യാപിക്കുന്നത്. വലിയ തിരമാല അതിവേഗത്തിൽ ഉയരുകയും ആഞ്ഞടിച്ച് നാശം വിതയ്ക്കുകയും ചെയ്യുന്നതിനു സമാനമായാണ് കോവിഡ് മഹാമാരി അഘാതമേൽപ്പിക്കുന്നത്. ഒരു തരംഗം പെട്ടെന്നുയർന്നു, നാശം വിതച്ചു, പെട്ടെന്നു താഴ്ന്നു കടന്നു പോകുന്നതിനു സമാനമല്ല കേരളത്തിൽ കോവിഡ് തരംഗത്തിന്റെ ഗതി, മുഖ്യമന്ത്രി പറഞ്ഞു.