ദുബായ്: കോവിഡ് -19 രോഗവ്യാപനം കാരണം ഇന്ത്യയിൽ നിന്നും മാറ്റിയ ടി 20 ലോകകപ്പ് യുഎഇയിലും ഒമാനിലുമായി ഒക്ടോബർ 17 മുതൽ നവംബർ 14 വരെ നടക്കുമെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) പ്രഖ്യാപിച്ചു. മത്സരം ഇന്ത്യയിൽ നിന്ന് മാറ്റാൻ സമ്മതമാണെന്ന് ബിസിസിഐ ഐസിസി ഭരണസമിതിയെ അറിയിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഐസിസിയുടെ പ്രസ്താവന.
2021 ഒക്ടോബർ 17 മുതൽ നവംബർ 14 വരെ ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയം, അബുദാബിയിലെ ഷെയ്ഖ് സഈദ് സ്റ്റേഡിയം, ഷാർജ സ്റ്റേഡിയം, ഒമാൻ ക്രിക്കറ്റ് അക്കാദമി ഗ്രൌണ്ട് എന്നിവിടങ്ങളിലായാണ് ടി20 ലോകകപ്പ് മത്സരങ്ങൾ മടക്കുക. മത്സര വേദികൾ ഇന്ത്യയിൽ നിന്ന് മാറ്റിയെങ്കിലും ടൂർണമെന്റിന്റെ ആതിഥേയരായി ബിസിസിഐ തന്നെ തുടരുമെന്നും ഐസിസിയുടെ പ്രസ്താവനയിൽ പറയുന്നു.
യോഗ്യത നേടാൻ എട്ട് ടീമുകൾ മത്സരിക്കുന്ന ആദ്യ റൗണ്ട് മത്സരങ്ങൾ യുഎഇയിലും ഒമാനിലുമായി നടക്കും. ഇതിൽ നാല് ടീമുകൾ സൂപ്പർ 12 മത്സരങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും നേരിട്ട് യോഗ്യത നേടിയ എട്ട് ടീമുകളുമായി മത്സരിക്കുകയും ചെയ്യും.
സൂപ്പർ 12 അടക്കമുള്ള ഉയർന്ന റൗണ്ട് മത്സരങ്ങൾ യുഎഇയിലെ മൂന്ന് വേദികളിൽ മാത്രമായാണ് നടക്കുകയെന്നാണ് സൂചന.
2016ന് ശേഷമുള്ള ആദ്യ പുരുഷ ടി20 ലോകകപ്പാണ് യുഎഇയിലും ഒമാനിലുമായി നടക്കാനിരിക്കുന്നത്. 2016 ടി20 ലോകകപ്പിൽ ഇന്ത്യയിൽ നടന്ന ഫൈനലിൽ വെസ്റ്റ് ഇൻഡീസ് ഇംഗ്ലണ്ടിനെ തോൽപ്പിച്ച് കിരീടം സ്വന്തമാക്കിയിരുന്നു.
പ്ലേഓഫുകൾക്ക് മുൻപുള്ള പ്രാഥമിക ഘട്ടത്തിൽ ബംഗ്ലാദേശ്, ശ്രീലങ്ക, അയർലൻഡ്, നെതർലാന്റ്സ്, സ്കോട്ട്ലൻഡ്, നമീബിയ, ഒമാൻ, പപ്പുവ ന്യൂ ഗ്വിനിയ എന്നീ എട്ട് ടീമുകളാണ് മത്സരിക്കുക.
“ഐസിസി പുരുഷന്മാരുടെ ടി 20 ലോകകപ്പ് 2021 സുരക്ഷിതമായി, പൂർണ്ണമായ തരത്തിൽ എന്നതാണ് ഞങ്ങളുടെ മുൻഗണന,” ഐസിസി ആക്ടിംഗ് സിഇഒ ജിയോഫ് അലാർഡൈസ് പറഞ്ഞു.
“… ഒരു ബയോ-സെക്യൂരിറ്റി അന്തരീക്ഷത്തിൽ വിവിധ-ടീം ഇവന്റുകളുടെ അന്തർദ്ദേശീയ ആതിഥേയരായ ഒരു രാജ്യത്ത് ഞങ്ങൾ മത്സരം നടത്താൻ തീരുമാനിച്ചിരിക്കുന്നു.”
“ആരാധകർക്ക് ക്രിക്കറ്റിന്റെ അത്ഭുതകരമായ ആഘോഷം ആസ്വദിക്കാനാകുമെന്ന് ഉറപ്പാക്കാൻ ബിസിസിഐ, എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ്, ഒമാൻ ക്രിക്കറ്റ് എന്നിവയുമായി ഞങ്ങൾ സഹകരിച്ച് പ്രവർത്തിക്കും,” ജിയോഫ് അലാർഡൈസ് പറഞ്ഞു.
കോവിഡ് സാഹചര്യം കാരണമുള്ള അനിശ്ചിതത്വം ഒഴിവാക്കാൻ മത്സരം യുഎഇയിലേക്ക് മാറ്റിയതിലൂടെ സാധിച്ചതായി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞു.
The post ടി20 ലോകകപ്പ് യുഎഇയിലും ഒമാനിലും: ഐസിസി appeared first on Indian Express Malayalam.