തിരുവനന്തപുരം
യുവതിയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. വെങ്ങാനൂർ ചിറത്തല വിളാകം അർച്ച നിവാസിൽ അർച്ചനയുടെ മരണവുമായി ബന്ധപ്പട്ട് ഭർത്താവ് സുരേഷ്കുമാറിനെയാ(26)ണ് ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
ഗാർഹികപീഡനത്തെ തുടർന്നുള്ള മനോവിഷമമാണ് അർച്ചനയുടെ മരണത്തിന് ഇടയാക്കിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. തിങ്കളാഴ്ച രാവിലെ ക്രൈംബ്രാഞ്ച് സംഘം സുരേഷിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. അച്ഛനൊപ്പമാണ് ഇയാൾ ഹാജരായത്. തുടർന്ന് വിശദമായി ചോദ്യം ചെയ്യുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. വിഴിഞ്ഞം പയറ്റുവിളയിലെ വാടകവീട്ടിൽ 21ന് രാത്രിയിലാണ് അർച്ചനയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഭർത്താവിനെതിരെ അർച്ചനയുടെ കുടുംബം രംഗത്തെത്തിയിരുന്നു. സ്ത്രീധനത്തിന്റെ പേരിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും ബന്ധുക്കൾ പറഞ്ഞു. സുരേഷിന്റെ കൈവശം ഡീസൽ കണ്ടെത്തിയതും സംശയം ബലപ്പെടുത്തി.
ലോക്കൽ പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കളും നാട്ടുകാരും മൃതദേഹവുമായി റോഡ് ഉപരോധിക്കുകയും ചെയ്തിരുന്നു. ഇവരുടെ ആവശ്യപ്രകാരം അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി കമീഷണർ പി എ മുഹമ്മദ് ആരിഫിന്റെ നേതൃത്വത്തിൽ ജില്ലാക്രൈംബ്രാഞ്ച് അസി.കമീഷണർ ജോൺസൺ ചാൾസ്, എസ്ഐമാരായ അനിൽകുമാർ, സന്തോഷ്കുമാർ, എഎസ്ഐ ശ്രീകുമാർ, എസ്സിപി സുമേഷ്, സിപിഒമാരായ റിനു, ഷംല എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.